ലുധിയാന: പൊലീസിന്റെ പിടിയിൽനിന്ന് രക്ഷപ്പെടാൻ അമിതവേഗത്തിൽ പാഞ്ഞ ഗുണ്ട ഓടിച്ച താർ വാഹനമിടിച്ച് വഴിയോര കച്ചവടക്കാരനായ യുവാവിന് ഗുരുതര പരിക്ക്. ലുധിയാനയിലെ സുന്ദർ നഗറിലാണ് സംഭവം. പൊലീസ് വാഹനങ്ങൾ പ്രതിയെ പിന്തുടരുന്നതിനിടെയാണ് താർ നിയന്ത്രണം വിട്ട് തേങ്ങവിൽപ്പനക്കാരനായ യുവാവിന്റെ ഉന്തുവണ്ടിയിൽ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ യുവാവ് ഏകദേശം പത്ത് അടി ദൂരത്തേക്ക് തെറിച്ചുവീണു. ഉന്തുവണ്ടിയും മറുവശത്തേക്ക് തെറിച്ചുപോയി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഫരീദ്‌കോട്ട് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സിന് (എസ്.ടി.എഫ്.) ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികിട്ടാ പുള്ളിയായ പ്രതി ഗുർപ്രീത് സിംഗ് ലുധിയാനയിലുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് എസ്.ടി.എഫിന്റെ മൂന്ന് വാഹനങ്ങൾ ഇയാളെ പിന്തുടർന്നു. മേഖലയിൽ പൊലീസ് വളഞ്ഞതോടെ ഗുർപ്രീത് താർ അതിവേഗത്തിൽ ഓടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് റോഡരികിൽ സംസാരിച്ച് തേങ്ങ വെട്ടുകയായിരുന്ന യുവാവിനെ വാഹനം ഇടിച്ചുതെറിപ്പിച്ചത്.
യുവാവിനെ ഇടിച്ചിട്ടും വാഹനം നിർത്താതെ ഗുർപ്രീത് രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് അധികം വൈകാതെ തന്നെ പ്രതിയെ പൊലീസ് പിടികൂടി. ഇയാളുടെ ചില കൂട്ടാളികളെയും കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകളുണ്ട്. അറസ്റ്റിലായ പ്രതിയുടെയും കൂട്ടാളികളുടെയും ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. വാഹനമിടിച്ച് പരിക്കേറ്റ യുവാവിനെ ലുധിയാന പൊലീസ് ഇടപെട്ട് ആശുപത്രിയിലെത്തിച്ചു. ഇയാൾ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം പരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
A suspected gangster, Gurpreet Singh, allegedly tried to escape police in Ludhiana by driving a Thar at high speed. During the chase in Sundar Nagar, the vehicle lost control and hit a roadside coconut vendor, throwing him about 10 feet and seriously injuring him.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |