
കരിപ്പൂർ: വിദേശത്ത് നിന്നെത്തിയ ആളെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും മോഷ്‌ടിക്കാൻ പദ്ധതിയിട്ട 13 അംഗ ക്രിമിനൽ സംഘം പിടിയിൽ. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. പ്രതികൾ സഞ്ചരിച്ച രണ്ട് ഇന്നോവ കാറുകളും ഒരു സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ണൂർ, മലപ്പുറം, കോഴിക്കോട്, കർണാടക സ്വദേശികളാണ് പിടിയിലായത്.
സംഘത്തിലെ മൂന്നുപേർ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. ഇവർക്കായുള്ള അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. പ്രതികളുടെ പേരും മറ്റ് വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. ഇവരുടെ ഫോണുകൾ പരിശോധിച്ചപ്പോൾ കവർച്ച ആസൂത്രണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. വിദേശത്ത് നിന്നെത്തുന്നയാളെ എങ്ങനെ പിന്തുടരണമെന്നും ഏത് സ്ഥലത്തുവച്ച് തട്ടിക്കൊണ്ടുപോകണമെന്നും വാട്‌സാപ്പിൽ ചാറ്റ് ചെയ്‌തിട്ടുണ്ട്. യാത്രക്കാരനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവർ വിമാനത്താവളത്തിലെത്തിയതെന്നാണ് സൂചന.
അതേസമയം, കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ പ്രവാസിയെ കാണാനില്ലെന്ന് പൊലീസിന് പരാതി ലഭിച്ചു. ഇന്നലെ എയർഇന്ത്യ എക്‌സ്‌പ്രസിൽ ജിദ്ദയിൽ നിന്ന് കരിപ്പൂരിലെത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് സൽമാൻ സാലിഹിനെയാണ് കാണാതായത്. ഇയാളെ ഏതെങ്കിലും സംഘം തട്ടിക്കൊണ്ടുപോയതാണോ എന്ന കാര്യത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |