തളിപ്പറമ്പ്: ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നവർക്കെതിരെ തളിപ്പറമ്പിൽ
ലഹരി മാഫിയ സംഘത്തിന്റെ ഭീഷണി. ഓപ്പറേഷൻ തൂഫാനുമായി പൊലീസും ഓപ്പറേഷൻ തണ്ടറുമായി എക്സൈസും ലഹരി മാഫിയ സംഘത്തെ പിടികൂടുമ്പോൾ സാക്ഷിമൊഴി അടക്കം നല്കുന്നവരെയാണ് ലഹരി മാഫിയ സംഘം പരസ്യമായി ഭീക്ഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും സാമൂഹികമായി അപമാനിക്കുകയും ചെയ്ത് വരുന്നത്.മാദ്ധ്യമപ്രവർത്തകർക്കെതിരെയും തൂഫാൻ വാരിയേർസിനെതിരെയും ഭീഷണി ഉയർത്തുകയാണ് ലഹരി കേസ്സിൽ പിടിയിലായവരും ബന്ധുക്കളും.
തൂഫാൻ വാരിയേർസായ യൂത്ത് ലീഗിന്റെയും വൈറ്റ് ഗാർഡിന്റെയും പ്രാദേശിക നേതാക്കളടക്കം സാക്ഷി പറയാൻ രംഗത്ത് വന്നത് മയക്കുമരുന്ന് മാഫിയകളെ പ്രകോപിതരാക്കിയിട്ടുണ്ട്. വാട്ട്സ്ആപ്പ് നമ്പറുകളിൽ നിന്നാണ് തൂഫാൻ വാരിയേർസിന് ഭീഷണി എത്തുന്നത്.വിദേശത്ത് നിന്ന് നെറ്റ് കോളിലൂടെ വിളിച്ചും ഭീഷണിയുണ്ട്. തളിപ്പറമ്പിൽ നിന്നും അടുത്ത കാലത്ത് പൊലീസും , എക്സൈസും പിടികൂടിയ പല മയക്കുമരുന്നു സംഘങ്ങളെയും നയിക്കുന്നത് വിദേശത്തുള്ള തളിപ്പറമ്പ് സ്വദേശിയായ യുവാവാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മയക്കുമരുന്ന് മൊത്തമായി എത്തിക്കുന്നത് ഈ യുവാവാണത്രെ.
പണം ബാങ്ക് വഴി ഇയാളുടെ അക്കൗണ്ടിലും ബന്ധുക്കളുടെ അക്കൗണ്ടിലും എത്തിക്കുകയാണ് ചെയ്യുന്നത്.
തളിപ്പറമ്പിലെ വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന യുവതി യുവാക്കളെ സ്വാധീനിച്ച് അവരുടെ പേരിൽ ബാങ്ക് അക്കൗണ്ട് എടുപ്പിച്ചാണ് പണം എത്തിക്കുന്നത്. ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് മാസം 5000 രൂപ മുതൽ 10000വരെ പ്രതിഫലം നല്കി വരുന്നുണ്ട്.
ബാങ്ക് അക്കൗണ്ട് എടുത്ത് മയക്കുമരുന്നു മാഫിയയെ സഹായിച്ച രണ്ട് യുവാക്കളെ തളിപ്പറമ്പ് പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ലഹരി മാഫിയ സംഘത്തിന്റെ ഭീഷണികളോ അധിക്ഷേപങ്ങളോ കൊണ്ട് മുസ്ലിം യൂത്ത് ലീഗിനെ ലഹരിക്കെതിരായ പോരാട്ടത്തിൽ നിന്ന് പിന്തിരിപ്പിക്കാം എന്നത് വ്യാമോഹമാണെന്ന്
മുസ്ലീം യൂത്ത് ലീഗ് തളിപ്പറമ്പ് മുൻസിപ്പൽ പ്രസിഡന്റ് കെ.മുഹമ്മദ് അഷറഫ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |