
തൃശൂർ: സ്വർണഖനികളിൽ നിന്ന് ലഭിക്കുന്ന ശുദ്ധമായ സ്വർണം കുറഞ്ഞ നിരക്കിൽ നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയ വ്യാജ സിദ്ധൻ പിടിയിൽ. 'കെജിഎഫ് സ്വാമി' എന്നറിയപ്പെടുന്ന പത്തനംതിട്ട മാധവപുരം സ്വദേശി ഷാജി(61) ആണ് അറസ്റ്റിലായത്. കൊടുങ്ങല്ലൂരിലെ ഉഴുവത്തുകടവിലുള്ള വാടക വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ തന്ത്രപൂർവമാണ് പൊലീസ് വലയിലാക്കിയത്.
തനിക്ക് സ്വർണഖനികളുമായി നേരിട്ട് ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച് കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഇയാൾ പണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇയാളുടെ പക്കൽനിന്ന് വലിയൊരു കത്തി, ഒരു കിലോയോളം വരുന്ന വ്യാജസ്വർണക്കട്ടി, ഒമ്പത് മാലകൾ, അഞ്ച് വളകൾ തുടങ്ങിയവ പൊലീസ് കണ്ടെടുത്തു. ഇവ ഖനിയിൽ നിന്ന് നേരിട്ട് കൊണ്ടുവന്നതാണെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ ആവശ്യക്കാർക്ക് വിറ്റിരുന്നത്. തന്റെ പക്കലുള്ള സ്വർണ്ണം പൂജിച്ചതാണെന്നും അവയ്‌ക്ക് സിദ്ധിയുണ്ടെന്നും ആളുകളെ വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. കൂടുതൽ പേരുമായി പ്രതിക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |