
ഫറോക്ക്: ചെറുവണ്ണൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഓഫീസ് കുത്തിത്തുറന്ന് കവർച്ച നടത്തിയ സംഘത്തിലെ മുഖ്യപ്രതി പൊലീസ് പിടിയിൽ. മലപ്പുറം ചേലേമ്പ്ര പെരുണ്ണീരി തോട്ടുങ്ങൽ മുഹമ്മദ് മുസ്താഖാണ് (28) നല്ലളം പൊലീസിന്റെ പിടിയിലായത്. ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡുകളുടെ സഹായത്തോടെ നല്ലളം സി.ഐയുടെ നേതൃത്വത്തിൽ എസ്.ഐ പ്രദീപും സംഘവും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കോഴിക്കോട് നഗരത്തിൽ നിന്ന് പിടികൂടിയത്. ഇയാളിൽ നിന്ന് കവർച്ചാ മുതലുകൾ കണ്ടെടുത്തു. ഇയാളുടെ കൂട്ടാളികളായ കണ്ണൻ എന്ന സുബിൻ അശോക്, ആഷിക് എന്നിവർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഓണാവധിക്കാലത്ത് ഓഫീസിന്റെ പൂട്ട് തകർത്ത് ഒൻപത് ലാപ്ടോപ്പുകൾ, 6 മൊബൈൽ ഫോണുകൾ ഒരു ക്യാമറ എന്നിവയാണ് സംഘം കവർന്നത്. ഓണാവധി കഴിഞ്ഞ് ജീവനക്കാർ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. തുടർന്ന് പ്രിൻസിപ്പൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |