
ചോദ്യം ചെയ്ത് എൻ.ഐ.എ
കുണ്ടറ: റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റിട്ട സംഭവത്തിൽ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. പെരുമ്പുഴ പാലംപൊയ്ക സ്വദേശി രാജേഷ് (33), ഇളമ്പള്ളൂർ സ്വദേശി അരുൺ (39) എന്നിവരുമായി ഇന്നലെ രാവിലെ 11 ഓടെയാണ് പോങ്ങുവിള ജംഗ്ഷനിലും റെയിൽവേ ട്രാക്കിലുമായി കുണ്ടറ പൊലീസ് തെളിവെടുപ്പ് നടത്തിയത്.
പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് വച്ച രീതി പ്രതികൾ കാണിച്ചു കൊടുത്തു. ഫോറൻസിക് വിദഗ്ദ്ധർ, ഡോഗ് സ്ക്വാഡ് എന്നിവരും തെളിവുകൾ ശേഖരിച്ചു.
അട്ടിമറി ആരോപണം മുൻനിറുത്തി കൊച്ചിയിൽ നിന്നുള്ള രണ്ടംഗ എൻ.ഐ.എ സംഘം കുണ്ടറയിലെത്തി പ്രതികളെ ചോദ്യം ചെയ്തിരുന്നു. കൂടാതെ റെയിൽവേ പൊലീസും ആർ.പി.എഫും മധുര ഡിവിഷൻ ക്രൈം ബ്രാഞ്ചും അന്വേഷണം നടത്തുന്നുണ്ട്. ടെലിഫോൺ പോസ്റ്റിൽ നിന്ന് കാസ്റ്റ് അയൺ പൊട്ടിച്ച് മോഷ്ടിക്കാനാണ് ട്രാക്കിലിട്ടതെന്നാണ് പ്രതികൾ പറയുന്നത്. എന്നാൽ കാസ്റ്റ് അയൺ പൊട്ടിച്ചെടുക്കാനുള്ള ശ്രമമൊന്നും നടന്നിട്ടില്ല. തെളിവെടുപ്പിന് ശേഷം കൊട്ടാരക്കര ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്‌തു. കസ്റ്റഡിൽ വാങ്ങാൻ ഇന്ന് അപേക്ഷ നൽകും. അട്ടിമറി ശ്രമം തെളിഞ്ഞാൽ അന്വേഷണം എൻ.ഐ.എയ്ക്ക് കൈമാറും. നിരവധി കുറ്റകൃത്യങ്ങളിൽ പ്രതികളാണ് ഇരുവരും.
കുണ്ടറ പൊലീസ് ഇൻസ്പെക്ടർ പി.രാജേഷ്, ജി.എസ്.ഐ ലഗേഷ്, എസ്.ഐ പി.കെ.പ്രദീപ്, എ.എസ്.ഐ മധു, പ്രൊബേഷൻ എസ്.ഐ സച്ചിൻലാൽ, സി.പി.ഒമാരായ രാജേഷ്, അരുൺ, ശ്രീജിത്ത്, എസ്.സി.പി.ഒ നിക്സൺ എന്നിവരടങ്ങിയ സംഘമാണ് തെളിവെടുപ്പിന് നേതൃത്വം നൽകിയത്.
അട്ടിമറി ശ്രമമെന്ന്
എഫ്.ഐ.ആർ
ട്രെയിൻ അട്ടിമറിച്ച് ജീവഹാനി വരുത്തണമെന്ന ഉദ്ദേശത്തോടെ റെയിൽവേ ട്രാക്കിന് കുറുകെ രണ്ടുതവണ ടെലിഫോൺ പോസ്റ്റിട്ടെന്നാണ് എഫ്.ഐ.ആർ
നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളും മൊബൈൽ ഫോൺ ടവർ ലൊക്കേഷനും പ്രതികളെ കുടുക്കി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |