
വെള്ളനാട്: കോഴിഫാമിൽ ചാരായം വില്പന നടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ റെയ്ഡിനെത്തിയ ആര്യനാട് എക്സൈസ് ഉദ്യോഗസ്ഥരെ ഇറച്ചിക്കത്തി കൊണ്ട് വെട്ടി. രണ്ട് എക്സൈസ് ഉദ്യോഗസ്ഥർക്ക് പരിക്ക്. പ്രിവന്റീവ് ഓഫീസർ ശ്രീകാന്ത്,സിവിൽ എക്സൈസ് ഓഫീസർ ജിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു സംഭവം. ആര്യനാട് എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ വെള്ളനാട് മിത്രാനികേതനു സമീപം വാഹന പരിശോധന നടത്തി. ഇതിനിടയിൽ ബസ് സ്റ്റേഷന് സമീപം സ്കൂട്ടറിൽ ചാരായ വില്പന നടത്തുന്ന മനോഹരൻ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു.
എക്സൈസുകാരെ കണ്ട മനോഹരൻ ഇവിടെനിന്ന് രക്ഷപ്പെട്ട് വെള്ളൂർക്കോണത്തെ കോഴി ഫാമിലെത്തി. പിന്നാലെയെത്തിയ എക്സൈസ് സംഘത്തെ മനോഹരൻ ഇറച്ചിക്കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. ഈ സമയം കോഴിഫാമിലുണ്ടായിരുന്ന കൂട്ടാളി വാമദേവനും വെട്ടുകത്തിയുമായി എക്സൈസ് സംഘത്തെ ആക്രമിക്കാൻ ശ്രമിച്ചു.
തുടർന്ന് എക്സൈസ് സംഘം മൽപ്പിടിത്തത്തിലൂടെ ഇരുവരെയും കീഴ്പ്പെടുത്തുകയായിരുന്നു. ജിഷ്ണുവിന് കൈവിരലിലും ശ്രീകാന്തിന് കഴുത്ത്,കൈ,കാൽമുട്ട് എന്നീ ഭാഗങ്ങളിലുമാണ് വെട്ടേറ്റത്.
കോഴിഫാമിലെ വാട്ടർ ടാങ്കിൽ സൂക്ഷിച്ചിരുന്ന 10 ലിറ്റർ ചാരായം എക്സൈസ് സംഘം കണ്ടെടുത്തു. കോഴിഫാം ഉടമയായ അരുവിക്കര ചെറിയകൊണ്ണി മൈലം മാവുനിന്നവിളയിൽ വീട്ടിൽ വി.വാമദേവൻ(64), കൂട്ടാളി പുനലാൽ മനോജാ ഭവനിൽ എസ്.മനോഹരൻ(57) എന്നിവരെ പിടികൂടി. മുമ്പും അബ്കാരി കേസുകൾ ഇവരുടെ പേരിലുണ്ട്. എക്സൈസ് ഉദ്യോഗസ്ഥർ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |