കൊച്ചി: എറണാകുളം ക്യൂൻസ് വാക്ക് വേയിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേരെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ മുളവുകാട് പൊലീസും കസ്റ്റഡിയിലെടുത്തു. പുതുവൈപ്പ് സ്വദേശികളായ പ്രശാന്ത് (34), പ്രജിത് (37) എന്നിവരാണ് അറസ്റ്റിലായത്. കസ്റ്റഡിയിലെടുത്ത യുവാവിന്റെ പേര് പുറത്തുവിട്ടിട്ടില്ല. ഇന്ന് അറസ്റ്റുണ്ടായേക്കും.കേസിൽ നാലു പേർ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. പുതുവൈപ്പ് ബീച്ച് ഭാഗത്തുണ്ടായ സംഘർഷമാണ് കേസിന് തുടക്കം. ഇവിടെ നിന്ന് കാറിൽ രക്ഷപ്പെട്ട യുവാക്കളെ പിന്തുടർന്നെത്തിയ ഒരു സംഘം വാക്ക് വേയിൽ കാർ തടഞ്ഞുനിറുത്തി മർദ്ദിക്കുകയായിരുന്നു. ക്രൂരമർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
പ്രതികളെ ഇന്നലെ വൈകിട്ട് സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ഒരു വിഭാഗം മുളവുകാട് പൊലീസിനും മറ്റൊരു വിഭാഗം എറണാകുളം സെൻട്രൽ പൊലീസിലും പരാതി നൽകിയിട്ടുണ്ട്. സുഹൃത്തിനെ തട്ടിക്കൊണ്ടു പോയതാണ് പിന്തുടർന്ന് മർദ്ദിക്കാൻ കാരണമെന്നാണ് ഒരു സംഘം പരാതിയിൽ പറഞ്ഞിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |