
വർക്കല : പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച രണ്ടുപേരെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. 17കാരനായ പ്ലസ് ടു വിദ്യാർത്ഥി, കൊല്ലം ശക്തികുളങ്ങര പള്ളി തെക്കതിൽ അനിൽ നിവാസിൽ മനു എന്ന അഖിൽ (23) എന്നിവരാണ് അറസ്റ്റിലായത്. അയിരൂർ സ്റ്റേഷൻ പരിധിയിൽ 13, 17 വയസുള്ള സഹോദരിമാരാണ് പീഡനത്തിന് ഇരയായത്. സഹോദരിമാരിൽ ഇളയ പെൺകുട്ടി സ്ഥിരമായി സ്കൂളിൽ പോകുന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് അഖിൽ. 17 കാരന്റെ സഹപാഠിയാണ് പീഡനത്തിന് ഇരയായ മൂത്ത പെൺകുട്ടി. ഇരുവരും പ്രണയം നടിച്ചാണ് പെൺകുട്ടികളെ പീഡിപ്പിച്ചതെന്ന് അയിരൂർ പൊലീസ് പറഞ്ഞു. പെൺകുട്ടികൾ പ്രണയത്തിൽ വിശ്വസിക്കുകയും ഇത് ചൂഷണം ചെയ്ത യുവാക്കൾ രാത്രിയിൽ പെൺകുട്ടികളുടെ വീട്ടിൽ വച്ച് പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടികളുടെ വീടിന്റെ പരിസരത്ത് ഇവരെ കണ്ടതോടെ മോഷ്ടാക്കളെന്ന സംശയത്തിൽ നാട്ടുകാർ ഇരുവരെയും പിടികൂടി അയിരൂർ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തു. അഖിലിനെ കോടതി റിമാൻഡു ചെയ്തു. പ്ലസ് ടു വിദ്യാർത്ഥിയെ ജുവൈനൽ ഹോമിലേക്ക് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |