SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.06 AM IST

കരുംകുളത്ത് മോഷണം വ്യാപകം: രണ്ട് വീടുകളിൽ നിന്ന് 18 പവനും 6,65,500 രൂപയും നഷ്ടപ്പെട്ടു

jj

പൂവാർ:കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ രണ്ട് വീടുകളിൽ കവർച്ച.കരുംകുളം പുല്ലുവിള പഴയതുറ പുരയിടത്തിൽ ആരോഗ്യ മേരിയുടെ മകൾ മിനി (40),സമീപവാസിയായ ഉദയം മകൾ ബ്രിജിറ്റ് (32) എന്നിവരുടെ വീടുകളിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്.

മിനിയുടെ വീട്ടിൽ നിന്ന് 17.5 പവന്റെ ആഭരണങ്ങളും 6,65,000 രൂപയും,ബ്രിജിത്തിന്റെ വീട്ടിൽ നിന്ന് 2 ഗ്രാം സ്വർണവും 500 രൂപയും നഷ്ടപ്പെട്ടു.ഇരുവരും കാഞ്ഞിരംകുളം പൊലീസിന് പരാതി നൽകി.ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 11ഓടെ മിനിയും ഭർത്താവ് പത്രോസും മൂന്ന് മക്കളുമായി ഈസ്റ്റർ ആരാധനയ്ക്കായി പുല്ലുവിള പള്ളിയിൽ പോയിരുന്നു.പുലർച്ചെ 2ന് തിരികെയെത്തി മുൻവശത്തെ വാതിൽ തുറന്ന് അകത്തുകയറിയപ്പോഴാണ് പുറകിലത്തെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്. ഉടൻ അകത്തുകയറി നോക്കിയപ്പോൾ ബെഡ്റൂമിൽ ഇരുന്ന ഇരുമ്പ് അലമാര വെട്ടിപ്പൊളിച്ചതായി കണ്ടെത്തി.അതിന്റ ഡ്രോയറിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്.

മൂന്ന് ജോഡി കൊലുസുകൾ,ഒരു നെക്ലസ്,നെക്ലസ് മോഡൽ ഇറക്കമുള്ള ഒരു മാല,മൂന്ന് ബ്രേസ്‌ലെറ്റുകൾ,ഒരു ജോഡി കമ്മൽ,ആറ് മോതിരം,രണ്ടു മാലകൾ,ഒരു വള,കൂടാതെ തൊട്ടടുത്ത ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു ജോലി കമ്മലുമാണ് മോഷണം പോയത്.കൂടാതെ ഇരുമ്പ് അലമാരയിൽ സൂക്ഷിച്ചിരുന്ന 66,5000 രൂപയും നഷ്ടപ്പെട്ടു.

സമീപവാസിയായ ബ്രിജിറ്റും ഭർത്താവ് റോബിനും മകനും അന്ന് രാത്രി 11.30ഓടെ പുല്ലുവിള പള്ളിയിൽ പോയപ്പോഴായിരുന്നു ഇവിടെയും മോഷണം നടന്നത്.

പുലർച്ചെ 1ഓടെ തിരികെയെത്തി മുൻവശത്തെ വാതിൽ തുറന്ന് അകത്തു കയറിയപ്പോഴാണ് ബെഡ്റൂമിലെ കട്ടിലിൽ ആഭരണങ്ങൾ സൂക്ഷിക്കുന്ന ബോക്സ് തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന 2 ഗ്രാം തൂക്കം വരുന്ന 2 മോതിരവും 500 രൂപയും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.

രണ്ട് വീടുകളിലും അടുക്കള വാതിൽ കുത്തിത്തുറന്നാണ് കള്ളൻ അകത്തുകടന്നതും പോയതും. ശനിയാഴ്ച രാത്രി പള്ളിയിലെ പരിപാടി കാരണം ചുറ്റുവട്ടത്തെ വീടുകളിൽ ആരും ഉണ്ടായിരുന്നില്ല.രണ്ടുപേരുടെയും പരാതികളുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എസ്.എച്ച്.ഒ പറഞ്ഞു.ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധിച്ച് സാമ്പിളുകൾ ശേഖരിച്ചു.ഡോഗ് സ്കോഡ് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.കുറ്റവാളികളെ എത്രയും വേഗം പിടികൂടുമെന്ന് കാഞ്ഞിരംകുളം എസ്.എച്ച്.ഒ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, POOVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY