
കുളത്തൂപ്പുഴ : ആര്യങ്കാവ് കുളിർകാട് വനമേഖലയിൽ നാടൻതോക്കുകളുമായി വേട്ടയ്‌ക്കെത്തിയ രണ്ടുപേരെ വനപാലകർ പിടികൂടി. ആര്യങ്കാവ് കരയാളൂർത്തോട്ടം പ്രതീക്ഷ വിലാസത്തിൽ ബാബു (52), ആര്യങ്കാവ് കരിമ്പിൻ തോട്ടം സ്വദേശി പുതുവൽ വീട്ടിൽ മത്തായി സാമൂവൽ (58) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രി കടമാൻപാറ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
കുളിർകാട് മേഖലയിൽ വേട്ടയ്ക്കായി സംഘം വനത്തിൽ പ്രവേശിച്ചിട്ടുണ്ടെന്ന് കടമാൻപാറ സ്റ്റേഷനിലെ വനപാലകർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വനത്തിനുള്ളിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. പിടികൂടുമ്പോൾ ലൈസൻസില്ലാത്ത രണ്ട് നാടൻ തോക്കുകൾ ഇവരുടെ പക്കൽനിന്നു കണ്ടെടുത്തു. വന്യമൃഗങ്ങളെ വേട്ടയാടാൻ ലക്ഷ്യമിട്ടാണ് ഇവർ വനത്തിൽ കയറിയതെന്നാണ് പ്രാഥമിക നിഗമനം.
ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ആദർശ്, രവിചന്ദ്രൻ, വീബിൻ, അനിൽ കുമാർ, സ്മിനോജ്, അഞ്ജു സെബാസ്റ്റ്യൻ, അഞ്ജന എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. തുടർനടപടികൾക്കായി വനപാലകർ പ്രതികളെ തെന്മല പൊലീസിന് കൈമാറി. തെന്മല പൊലീസ് ഇൻസ്പെക്ടർ പ്രവീണിന്റെ നേതൃത്വത്തിൽ അന്വേഷണം പൂർത്തിയാക്കിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |