
മാന്നാർ : പമ്പയാറ്റിൽ തുണി അലക്കിക്കൊണ്ടിരുന്ന അമ്പത്താറുകാരിയായ വീട്ടമ്മയെ മുക്കി ക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി പരുമല കോട്ടയ്ക്കമാലിൽ സബീർനായി (45) ചെങ്ങന്നൂർ ഡിവൈ.എസ്.പി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നാലു മാസം മുമ്പാണ് വീടിന് സമീപത്തെ കുളിക്കടവിൽ തുണി നനയ്ക്കുകയായിരുന്ന വീട്ടമ്മയെ പിന്നിലൂടെ നീന്തിയെത്തി തുണികൊണ്ട് മുഖംമൂടിയ ശേഷം വെള്ളത്തിൽ തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചത്. കൊലക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ശിക്ഷ അനുഭവിച്ച് ജയിൽ മോചിതനായതിന് തൊട്ടുപിന്നാലെയാണ് സബീർ വീണ്ടും ക്രൂരകൃത്യത്തിന് മുതിർന്നത്. മാസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ കഴിയാത്തത് പൊലീസിനും നാട്ടുകാർക്കും വലിയ വെല്ലുവിളിയായിരിക്കുകയാണ്. ചെങ്ങന്നൂർ ഡിവൈ.എസ്.പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയാണ്.
മാന്നാർ പൊലീസും ദ്രുതകർമ്മ സേനയും സംയുക്തമായി കരയിലും വെള്ളത്തിലും ഡ്രോൺ ഉപയോഗിച്ചും സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും ദിവസങ്ങളോളം തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.
ബംഗളുരുവിലേക്ക്
കടന്നതായി സൂചന
സംഭവദിവസം മുതൽ നാട്ടുകാർ സംഘടിച്ച് ഇയാൾ ഒളിക്കാൻ സാധ്യതയുള്ള നദീതീരങ്ങളിലും കാടുകളിലും സെമിത്തേരികളിലും വരെ രാത്രിയും പകലും ഉറക്കമൊഴിച്ച് പരിശോധന നടത്തിയിരുന്നു. പലയിടങ്ങളിൽ നിന്നും ഇയാളെ കണ്ടതായി വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണങ്ങളും വിഫലമായി. പ്രതി ബംഗളുരുവിലേക്ക് കടന്നതായാണ് പുതിയ വിവരം. പ്രതിയെക്കുറിച്ച് യാതൊരു തുമ്പും ലഭിക്കാത്ത സാഹചര്യത്തിലാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ 9497990043, 9497987066 എന്നീ ഫോൺ നമ്പറുകളിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |