കൊച്ചി: കേരളാ പൊലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് കൈമാറിയ വിവരമനുസരിച്ച് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്ത ബംഗ്ലാദേശികൾക്ക് സഹായം ചെയ്തവർ കുടുങ്ങും. പൊലീസ് അന്വേഷണം ആരംഭിച്ചു. ആധാർകാർഡും മറ്റ് തിരിച്ചറിയൽ കാർഡുകളും ഇവരുടെ പക്കലില്ലെങ്കിലും ബാങ്ക് അക്കൗണ്ടുകളുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 10 പ്രതികളിൽ നിന്ന് പിടിച്ചെടുത്ത 9 മൊബൈൽഫോണുകൾ ശനിയാഴ്ച സൈബർ വിദഗ്ധർ പരിശോധിച്ചപ്പോഴാണ് ഗൂഗിൾപേ ആപ്പിൽ നിന്ന് ഇക്കാര്യം തിരിച്ചറിഞ്ഞത്. ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകളുമായാണ് ഇത് ബന്ധപ്പെടുത്തിയിട്ടുള്ളത്. അക്കൗണ്ട് തരപ്പെടുത്താൻ പ്രാദേശികസഹായം ലഭിച്ചതായി പൊലീസ് സംശയിക്കുന്നു. ബാങ്കുകളുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിച്ചശേഷം തുടരന്വേഷണമുണ്ടാകും.
കലൂർ സ്റ്റേഡിയത്തിന് പിന്നിൽ ലിങ്ക്റോഡിന് സമീപത്തെ വാടകക്കെട്ടിടത്തിൽ നിന്നാണ് പത്തംഗ ബംഗ്ലാദേശികളെ പിടികൂടിയത്. വിസയും പാസ്പോർട്ടും ഇവർക്കില്ലായിരുന്നു. നഗരത്തിൽ ആക്രിപെറുക്കി ഉപജീവനം നടത്തിവരികയായിരുന്നു. നഗരത്തിൽ തങ്ങുന്ന കൂടുതൽ ബംഗ്ലാദേശ് പൗരൻമാർ ഉടൻ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |