
കോലഞ്ചേരി: ഇലക്ട്രിക് സ്കൂട്ടറുകൾ വാങ്ങിയ ശേഷം നൽകിയ ചെക്ക് മടങ്ങിയ സംഭവത്തിൽ തൃശൂർ പേരാമ്പ്രയിലെ ജനശക്തി കോൺഗ്രസ് പ്രാദേശിക നേതാവ് സുബിൻ സി. ഭാസ്‌കറിനെ പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തു. കോലഞ്ചേരിയിലെ അഫ്രീൻ സൈക്കിൾസ് ഉടമയുടെ പരാതിയിലാണ് നടപടി. പ്രതിയെ റിമാൻഡ് ചെയ്തു.
2025 ജൂലായ് 5ന് 79,000 രൂപയും 63,900 രൂപയും വിലവരുന്ന രണ്ട് ഇലക്ട്രിക് സ്കൂട്ടറുകൾ പ്രതി വാങ്ങിയിരുന്നു. നികുതി ഉൾപ്പെടെ 1,50,045 രൂപ നൽകുന്നതിനായി ഒന്നര ലക്ഷം രൂപയുടെ ചെക്കാണ് കൈമാറിയത്. ഫെഡറൽ ബാങ്ക് ചാലക്കുടി നോർത്ത് ശാഖയിലെ അക്കൗണ്ടിൽ നിന്നുള്ള ചെക്ക് കളക്ഷന് നൽകിയപ്പോൾ തീയതിയിൽ തിരുത്തൽ കണ്ടതിനാൽ ബാങ്ക് നിരസിക്കുകയായിരുന്നു. മനഃപൂർവം ചെക്കിൽ തിരുത്തൽ വരുത്തി വഞ്ചിച്ചെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.
സുബിൻ സി. ഭാസ്‌കറിനെതിരെ ബി.എൻ.എസ് 318-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കൊച്ചിയിലെ പ്രമുഖ മാളിൽ നടന്ന ഫാഷൻ ഷോയ്‌ക്കിടെയുണ്ടായ ലൈംഗികാതിക്രമ കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത ഈ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |