
വിഴിഞ്ഞം: മദ്യപിച്ച് കാറോടിച്ചത് ചോദ്യം ചെയ്‌ത പൊലീസുകാർക്ക് നേരെ യുവാക്കളുടെ ആക്രമണം. ഇടിവള കൊണ്ടുള്ള ആക്രമണത്തിൽ ഒരു പൊലീസുകാരന്റെ കൈയ്‌ക്ക് പരിക്കേറ്റു. തിരുവല്ലം സ്റ്റേഷനിലെ എസ്.സി.പി.ഒ നസുമുദ്ദീന്റെ (46) വലതുകൈയിലെ വിരലിനാണ് പൊട്ടലുള്ളത്.
വാഹന പരിശോധനയ്‌ക്കിടെ ശനിയാഴ്‌ച അർദ്ധരാത്രി പാച്ചല്ലൂരിനും വാഴമുട്ടത്തിനും ഇടയിലായിരുന്നു സംഭവം. പൊലീസിനെ ആക്രമിച്ച പാലക്കാട് മണ്ണൂർ നഗരിപുറം പത്തിരിപ്പാലം ബി.എസ്.എൻ.എൽ അബാ ഹൗസിൽ ഹയാത്ത് റോഷൻ (33),പൂന്തുറ മുട്ടത്തറ ആലുകാട് കാട്ടുവിള വീട്ടിൽ സമ്പത്ത് (25) എന്നിവരെയാണ് തിരുവല്ലം പൊലീസ് അറസ്റ്റുചെയ്‌തത്. പ്രതികളെ റിമാൻഡ് ചെയ്‌തു .
പൊലീസ് വാഹനത്തിന്റെ ഡ്രൈവർ സജന്റെ യൂണിഫോമിലെ നെയിംപ്ലേറ്റും പ്രതികൾ വലിച്ചുകീറി.
വാഴമുട്ടം ഭാഗത്തു നിന്ന് പാച്ചല്ലൂരിലേക്ക് അമിത വേഗത്തിലെത്തിയ ഇവരുടെ കാർ കൈ കാണിച്ചിട്ടും നിറുത്താതെ പോകുകയായിരുന്നു. പിന്തുടർന്നാണ് ഇവരെ പിടികൂടിയത്. ഊബർ ടാക്‌സി ഡ്രൈവർമാരായ ഇരുവരും പാച്ചല്ലൂരിൽ വാടകയ്‌ക്ക് താമസിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. കാറിൽ നിന്ന് പകുതി കുടിച്ചുതീർത്ത ബിയർ കുപ്പി കണ്ടെടുത്തു. കാറും രണ്ട് ഫോണുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സമ്പത്തിനെതിരെ ഫോർട്ട് സ്റ്റേഷനിൽ അടിപിടിക്കേസും മദ്യപിച്ച് വാഹനമോടിച്ചതിനും ഓവർ സ്‌പീഡിനും ഉൾപ്പെടെ അഞ്ചോളം കേസുകളുമുണ്ട്. ഹയാത്ത് റോഷനെതിരെ പാലക്കാട് നോർത്ത്,സൗത്ത് സ്റ്റേഷനുകളിൽ കേസുണ്ടെന്നും പൊലീസ് പറഞ്ഞു.
കഴുത്തിന് കുത്തിപ്പിടിച്ച് ഭീഷണി
പ്രതികളോട് മദ്യപിച്ചിട്ടുണ്ടോ എന്നു ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു മറുപടി. വാഹനമോടിച്ചിരുന്ന സമ്പത്തിനെ ബ്രെത്തലൈസർ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ മദ്യപിച്ചെന്ന് കണ്ടെത്തുകയായിരുന്നു. ഇങ്ങനെ യാത്ര ചെയ്യാൻ പറ്റില്ലെന്നും മറ്റൊരു വണ്ടി വിളിക്കണമെന്നും പറഞ്ഞപ്പോൾ ഈ വാഹനത്തിൽ തന്നെ പോകുമെന്ന് പ്രതികൾ വാശിപിടിച്ചു.
കാറിന്റെ താക്കോൽ ആവശ്യപ്പെട്ടതോടെ ഡ്രൈവർ സീറ്റിന് ഇടതുവശത്തിരുന്ന ഒന്നാം പ്രതി ഹയാത്ത് റോഷൻ പ്രകോപിതനായി പുറത്തിറങ്ങി നസുമുദ്ദീന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു. താക്കോൽ ചോദിക്കാൻ നീയാരാടാ എന്ന് ചോദിച്ച് അസഭ്യം വിളിക്കുകയും വലതു കൈയ്യിലുണ്ടായിരുന്ന ഇടിവള ഊരി ഇടിക്കുകയുമായിരുന്നെന്ന് നസുമുദ്ദീൻ പറഞ്ഞു.
പ്രതിയെ ബലപ്രയോഗത്തിലൂടെ പൊലീസ് ജീപ്പിൽ കയറ്റി ഇരുത്തിയതിൽ പ്രകോപിതനായ സമ്പത്ത് പൊലീസിനെ അസഭ്യം വിളിക്കുകയും അവനെ വിട്ടില്ലെങ്കിൽ ' നിന്നെയൊക്കെ തീർത്തു കളയുമെടാ ' എന്നുപറഞ്ഞ് ജീപ്പിന്റെ ഡോർ തുറക്കാനും ശ്രമിച്ചു. തുടർന്ന് ഇയാളെയും അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴി ഇരുവരും വാഹനത്തിലിരുന്ന് പൊലീസിനെ ഭീഷണിപ്പെടുത്തിയെന്നും നസുമുദ്ദീൻ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |