കൊച്ചി: ജിമ്മിൽ വെച്ച് വെറുതെ ഒന്ന് പരിചയപ്പെട്ടതാണ്, പക്ഷെ ആ 'വർക്ക് ഔട്ട്' ചെന്നവസാനിച്ചത് ലക്ഷങ്ങളുടെ ക്രിപ്‌റ്റോ തട്ടിപ്പിൽ! കുറഞ്ഞ വിലയ്ക്ക് ക്രിപ്‌റ്റോ കറൻസി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് എറണാകുളത്ത് താമസിക്കുന്ന കോട്ടയം സ്വദേശിയായ ഡോക്ടറിൽ നിന്ന് 16.5 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായി പരാതി. മലയാളികൾ അടങ്ങുന്ന മൂന്നംഗ സംഘത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ജിമ്മിലെ ട്രെയ്‌നർ വഴി പരിചയപ്പെട്ട സുഹൃത്തുക്കളാണ് ഡോക്ടറെ വലയിലാക്കിയത്. തങ്ങൾ വലിയ ക്രിപ്‌റ്റോ ഇടപാടുകാരാണെന്ന് കാണിക്കാൻ കമ്പനിയുടെ വ്യാജ രേഖകൾ വരെ ഇവർ നിർമ്മിച്ചു നൽകി. വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ 'യു.എസ്.ഡി.ടി' എന്ന ക്രിപ്‌റ്റോ കറൻസി നൽകാമെന്ന വാഗ്ദാനത്തിൽ വീണ ഡോക്ടർ മൂന്ന് ദിവസം കൊണ്ട് 16,54,000 രൂപയാണ് പ്രതികൾ പറഞ്ഞ അക്കൗണ്ടുകളിലേക്ക് കൈമാറിയത്.
ഈമാസം 14 മുതൽ 16 വരെയുള്ള ദിവസങ്ങളിലായായിരുന്നു പണമിടപാട്. ഡോക്ടറുടെയും സുഹൃത്തുക്കളുടെയും വിവിധ അക്കൗണ്ടുകളിൽ നിന്നായിരുന്നു പണംകൈമാറിയത്. പണം കയ്യിൽ കിട്ടിയതോടെ പ്രതികൾ കളം മാറി. വാഗ്ദാനം ചെയ്ത ക്രിപ്റ്റോ കറൻസി നൽകിയില്ല, പണവും തിരികെ കൊടുക്കാതെ ഫോണും ഓഫാക്കി ഇവർ മുങ്ങി. പറ്റിക്കപ്പെട്ടെന്ന് മനസിലായതോടെ ഡോക്ടർ പൊലീസിനെ സമീപിച്ചു. പണം കൈമാറിയത് ബാങ്ക് വഴിയായതിനാൽ പ്രതികളെ വേഗത്തിൽ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
യു.എസ്.ഡി.ടി
യുഎസ് ഡോളറിന്റെ മൂല്യവുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്ന ക്രിപ്‌റ്റോ കറൻസിയാണ് യു.എസ്.ഡി.ടി . സ്റ്റേബിൾകോയിൻ എന്ന് വിളിക്കുന്ന ഇതിന്റെ മൂല്യം എപ്പോഴും ഒരു യുഎസ് ഡോളറിന് തുല്യമായിരിക്കും. ബിറ്റ്‌കോയിൻ ഉൾപ്പെടെയുള്ള മറ്റ് ക്രിപ്‌റ്റോ കോയിനുകളുടെ വിലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമ്പോഴും യു.എസ്.ഡി.ടിയുടെ മൂല്യം ഡോളറിനൊപ്പം സ്ഥിരമായി നിൽക്കുന്നു. 'ടെതർ' എന്ന കമ്പനിയാണ് ഡിജിറ്റൽ കറൻസി പുറത്തിറക്കിയിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |