
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസുകാരനെ ഉപദ്രവിച്ചു കൊലപ്പെടുത്തിയ കേസിൽ അമ്മയും രണ്ടാച്ഛനും നടത്തിയ മർദനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടി ഹൈപ്പർ ആക്‌ടീവ് ആയിരുന്നെന്നും ഓടി നടക്കാതിരിക്കാനായി ലൈറ്റർ ഉപയോഗിച്ച് പൊള്ളിച്ചെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു. സൈക്കിളിൽ നിന്ന് വീണ് കുട്ടിയുടെ കൈകൾ ഒടിഞ്ഞിട്ടും 12 ദിവസം കഴിഞ്ഞാണ് ആശുപത്രിയിൽ കൊണ്ടുപോയത്. കൈയിൽ നീര് വന്നിട്ടും വേദനിക്കുന്നെന്ന് പറഞ്ഞ് കുട്ടി തുടർച്ചയായി കരഞ്ഞിട്ടും ആശുപത്രിയിൽ കൊണ്ടുപോകാൻ ഇവർ കൂട്ടാക്കിയില്ല.
കുട്ടിയുടെ അമ്മ അഖിലയും പങ്കാളി അഷ്‌കറും നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. ഇവിടെ നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടിയോട് ചെയ്‌ത ക്രൂരതകൾ പ്രതികൾ സമ്മതിച്ചത്. ഒന്നിച്ചുള്ള ജീവിതത്തിന് കുട്ടി തടസമായിരുന്നെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു. കുട്ടിയെ നിരന്തരം മർദിച്ചിരുന്നതായാണ് ഇരുവരുടെയും മൊഴി. മർദനമേറ്റ് തളർന്ന കുട്ടിയുമായി മധുരയ്‌ക്ക് പോയി. തിരിച്ചെത്തിയപ്പോൾ കുട്ടി കുഴഞ്ഞുവീണിട്ടും മരുന്നു നൽകാനോ പരിചരിക്കാനോ ഇവർ തയ്യാറായില്ല.
ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് ഛർദിച്ച് അവശനായെന്ന് പറഞ്ഞാണ് ഒന്നരവയസുകാരൻ അർഷിദിനെ രണ്ടാനച്ഛൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, കുട്ടിയുടെ ദേഹത്തെ മുറിവുകൾ സംശയത്തിന് ഇടയാക്കി. മേയ് 29ന് കുട്ടി മരണത്തിന് കീഴടങ്ങി. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടം പരിശോധനയിലാണ് നടുക്കുന്ന മർദന വിവരങ്ങൾ പുറത്തുവന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |