മോഹൻലാൽ കേന്ദ്ര കഥാപാത്രമായെത്തിയ തന്മാത്ര സിനിമയിലെ ഒരു സീൻ കരഞ്ഞുകൊണ്ടാണ് എഴുതി പൂർത്തിയാക്കിയതെന്ന് സംവിധായകൻ ബ്ലെസി. രാജഗിരി ആശുപത്രിയിൽ പുതുതായി ആരംഭിച്ച 'അഡ്വാൻസ്ഡ് മെമ്മറി ക്ലിനിക്കിന്റെ' ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് ഐ.എ.എസ് കിട്ടിയെന്ന് മകൻ സന്തോഷത്തോടെ ഓടിവന്ന് പറയുമ്പോൾ, തിരിച്ചറിവുകൾ നഷ്ടപ്പെട്ട് 'ആരാ?' എന്ന് മോഹൻലാലിന്റെ കഥാപാത്രം തിരിച്ചുചോദിക്കുന്ന നിമിഷത്തെ ഓർത്തെടുത്താണ് ബ്ലെസി ഇക്കാര്യം പറഞ്ഞത്.
അൽഷിമേഴ്സും ഓർമക്കുറവും മനുഷ്യ ജീവിതത്തിലുണ്ടാക്കുന്ന ആഘാതങ്ങൾ ഇന്നും സമൂഹത്തിന് നൊമ്പരമാണെന്നും ബ്ലെസികൂട്ടിച്ചേർത്തു.മനുഷ്യന്റെ ഓർമക്ഷയത്തെയും ഡിമെൻഷ്യയെയും വെള്ളിത്തിരയിൽ അടയാളപ്പെടുത്തിയ സിനിമയാണ് 'തന്മാത്ര'. ഈ പശ്ചാത്തലത്തിലാണ് തിരക്കഥ എഴുതിയ സമയത്തുള്ളതന്റെ അനുഭവം സംവിധായകൻ പങ്കുവച്ചത്.
പ്രിയപ്പെട്ടവരെപ്പോലും തിരിച്ചറിയാനാകാതെ ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ പൂർണമായും കിടപ്പിലാകുന്ന ദയനീയ അവസ്ഥയിലേക്ക് ഡിമെൻഷ്യ രോഗികൾ എത്തിച്ചേരുന്നത് തടയുക എന്നതാണ് പുതിയ ക്ലിനിക്കിന്റെ പ്രധാന ലക്ഷ്യമെന്ന് രാജഗിരി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളിയും വ്യക്തമാക്കി. അത്യാധുനിക ചികിത്സാ സൗകര്യങ്ങളാണ് ആശുപത്രിയിൽ സജ്ജീകരിച്ചിരിക്കുന്നത്. സിഎസ്എഫ് ബയോമാർക്കർ പരിശോധനകൾക്ക് പുറമേ, അൽഷിമേഴ്സ് രോഗബാധ കൃത്യമായി സ്ഥിരീകരിക്കുന്നതിനുള്ള അഡ്വാൻസ്ഡ് പെറ്റ് സ്‌കാനിംഗ്, ഡിമെൻഷ്യ ബാധിതർക്കായുള്ള നൂതനമായ 'മോണോക്ലോണൽ ആന്റിബോഡി' ചികിത്സ എന്നിവയെല്ലാം ഈ ക്ലിനിക്കിലൂടെ രോഗികൾക്ക് ലഭ്യമാകും.
എഴുത്തുകാരനും സംവിധായകനുമായ പത്മരാജന്റെ 'ഓർമ്മ' എന്ന ചെറുകഥയെ ആസ്പദമാക്കി ബ്ലെസി രചനയും സംവിധാനവും നിർവഹിച്ച് 2005ൽ പുറത്തിറങ്ങിയ ചിത്രമാണ് 'തന്മാത്ര'. മോഹൻലാൽ, മീര വാസുദേവൻ, അർജുൻ ലാൽ എന്നിവർ മുഖ്യ വേഷങ്ങളിലെത്തിയ ചിത്രം, അൽഷിമേഴ്സ് രോഗം ഒരു കുടുംബത്തിന്റെ ജീവിതത്തിൽ ഉണ്ടാക്കുന്ന ആഘാതങ്ങളെയാണ് അവതരിപ്പിച്ചിരിക്കുന്നത്. മോഹൻലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു 'തന്മാത്ര'. 150 ദിവസത്തോളം ചിത്രം തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു.
During the inauguration of the Advanced Memory Clinic at Rajagiri Hospital, acclaimed director Blessy revealed that he wrote one of the most emotional scenes in his hit movie Thanmathra while crying.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |