
ചെന്നൈ: ഇന്ത്യൻ മുൻ ക്രിക്കറ്റ് താരവും ചെന്നൈ സൂപ്പർ കിംഗ്‌സ് ആരാധകരുടെ പ്രിയങ്കരനുമായ സുരേഷ് റെയ്‌ന സിനിമയിലേക്ക്. സംവിധായകൻ ലോഗൻ ഒരുക്കുന്ന ക്രിക്കറ്റ് ആസ്‌പദമാക്കിയുള്ള തമിഴ് സിനിമയിലാണ് സുരേഷ് റെയ്‌ന അരങ്ങേറ്റം കുറിക്കുന്നത്. ചിത്രം ഇദ്ദേഹത്തിന്റെ ബയോപിക് ആകാനും സാദ്ധ്യതയുണ്ടെന്നാണ് വിവരം.
സിനിമയുടെ പേരോ മറ്റ് അഭിനേതാക്കളുടെ വിവരമോ പുറത്തുവിട്ടിട്ടില്ല. പ്രൊഡക്ഷൻ നമ്പർ വൺ എന്നാണ് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. ഡ്രീം നൈറ്റ് സ്റ്റോറീസ് എന്ന പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ശരവണ കുമാറാണ് ചിത്രം നിർമിക്കുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച ചെന്നൈയിൽ വച്ചായിരുന്നു സിനിമയുടെ ഔദ്യോഗിക ലോഞ്ച്.
ഡ്രീം നൈറ്റ് പ്രൊഡക്ഷന്റെ ആദ്യ നിർമാണമാണ് ഈ സിനിമ. സന്ദീപ് കെ വിജയൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. പ്രൊഡക്ഷൻ ഡിസൈനർ - ടി മുത്തുരാജ്, സ്റ്റണ്ട് കൊറിയോഗ്രാഫർ - സുപ്രീം സുന്ദർ. ഓസ്‌കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനർ. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സന്തോഷ് നാരായണനാണ്.
15 വർഷത്തോളം ഇന്ത്യൻ ക്രിക്കറ്റിലുണ്ടായിരുന്ന താരമാണ് സുരേഷ് റെയ്‌ന. 2005ൽ ഏകദിനത്തിലും 2006ൽ ടി20യിലും 2010ൽ ടെസ്റ്റ് ക്രിക്കറ്റിലും സുരേഷ് റെയ്‌ന അരങ്ങേറ്റം കുറിച്ചു. 2011ൽ ഏകദിന ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു സുരേഷ് റെയ്‌ന. 2020 ഓഗസ്റ്റ് 15നാണ് സഹതാരം മഹേന്ദ്ര സിംഗ് ധോണിക്കൊപ്പമാണ് സുരേഷ് റെയ്‌ന വിരമിക്കൽ പ്രഖ്യാപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |