SignIn
Kerala Kaumudi Online
Friday, 18 September 2026 3.11 AM IST

കെ.വിശ്വനാഥ്:ചിപ്പിക്കുള്ളിലെ മുത്ത്

vishwanath

ലീഡ്

വിട പറഞ്ഞത് ശങ്കരാഭരണത്തിന്റെയും സാഗരസംഗമത്തിന്റെയും സംവിധായകൻ

--------------------------------------------------------------------------------------------------------------------------------------------------------

വിസ്മൃതിയിലേക്ക് മറയുന്ന കാലത്ത് കർണാടക സംഗീതത്തിന് പുനർജന്മം നൽകിയത് കെ.വിശ്വനാഥ് സംവിധാനം ചെയ്ത ശങ്കരാഭരണം എന്ന സിനിമയായിരുന്നുവെന്ന് പറയാറുണ്ട്.തെലുങ്കിലിറങ്ങിയ ശങ്കരാഭരണം മലയാളമടക്കം ഇന്ത്യയിലെ പ്രധാന ഭാഷകളിലൊക്കെ ഡബ്ബ് ചെയ്ത് അവതരിപ്പിച്ചപ്പോൾ എല്ലായിടത്തും നൂറു ദിവസത്തിലധികം പ്രദർശിപ്പിച്ചിരുന്നു.ഹൈദരാബാദിലാകട്ടെ ഒരു വർഷത്തിലധികം ഒരേ തിയേറ്ററിൽ ഈ ചിത്രം പ്രദർശിപ്പിക്കുകയുണ്ടായി.നൃത്തം,സംഗീതം തുടങ്ങി വിവിധ കലകളെ തന്റെ സിനിമയിലൂടെ പ്രോത്സാഹിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു കഴിഞ്ഞ ദിവസം തൊണ്ണൂറ്റി രണ്ടാമത്തെ വയസിൽ അന്തരിച്ച സംവിധായകനും നടനുമായ കെ.വിശ്വനാഥ്. 1965 ൽ ആത്മ ഗൗരവം എന്ന തെലുങ്ക് സിനിമയിലൂടെ അരങ്ങേറ്രം കുറിച്ച വിശ്വനാഥ് 2010 ൽ സംവിധാനം ചെയ്ത ശുഭപ്രദത്തിലൂടെയാണ് സംവിധായകന്റെ തൊപ്പി മാറ്റിവച്ചത്.അവസാനം സംവിധാനം ചെയ്ത ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ശുഭകരമായ കരിയറായിരുന്നു വിശ്വനാഥിന്റേത്.

ശങ്കരാഭരണം എന്ന ചിത്രത്തിലൂടെ ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യത്തെ ദേശീയ പ്രശസ്തിയിലേക്ക് ഉയർത്തിയത് എസ്.പി.ബിയുടെ അമ്മാവൻ കൂടിയായ വിശ്വനാഥ് ആയിരുന്നു.കമൽഹാസൻ എന്ന നടന്റെ നൃത്തപരമായ കഴിവിനെ പരമാവധി പ്രോത്സാഹിപ്പിച്ച് എടുത്ത ചിത്രമായിരുന്നു സാഗരസംഗമം.സ്വാതിമുത്യം എന്ന പേരിൽ മറ്റു ഭാഷകളിൽ ഡബ്ബ്ചെയ്ത ചിപ്പിക്കുൾ മുത്തിലും കമൽ തന്നെയായിരുന്നു നായകൻ.ജയപ്രദ എന്ന നടിക്ക് മികച്ച വേഷങ്ങൾ നൽകിയെന്നു മാത്രമല്ല ബോളിവുഡിൽ അവരെ അവതരിപ്പിച്ചതും വിശ്വനാഥായിരുന്നു.

സംഗീതത്തിനും ഇതര കലകൾക്കും പ്രാധാന്യം നൽകിയതിനൊപ്പം സാമൂഹിക വിഷയങ്ങളും തന്റെ ചിത്രങ്ങളിൽ വിശ്വനാഥ് പ്രമേയമാക്കി.മമ്മൂട്ടിയെ നായകനാക്കി സ്വാതികിരണം സംവിധാനം ചെയ്തിട്ടുണ്ട്.കമൽഹാസനെപ്പോലെയുള്ള നടൻമാർ കെ.ബാലചന്ദറിനെ എന്ന പോലെ ആദരവോടെയാണ് വിശ്വനാഥിനെ വീക്ഷിച്ചിരുന്നത്.

നടനെന്ന നിലയിലും അദ്ദേഹം തിളങ്ങി.കഴിഞ്ഞവർഷം ഇറങ്ങിയ കന്നട ചിത്രം ഒപ്പണ്ടയാണ് അദ്ദേഹം അഭിനയിച്ച

അവസാന ചിത്രം.ദാദാ സാഹിബ് ഫാൽക്കെ അവാർഡും പദ്മശ്രീയും ലഭിച്ചതിനൊപ്പം അഞ്ച് ദേശീയ ചലച്ചിത്ര അവാർഡുകളും അനവധി അന്തർദേശീയ-സംസ്ഥാന അവാർഡുകളും വിശ്വനാഥിനെ തേടിയെത്തിയിട്ടുണ്ട്.മലയാളത്തിലും ഏറെ ആരാധകരുള്ള സംവിധായകനായിരുന്നു വിശ്വനാഥ്.അദ്ദേഹത്തിന്റെ ഒരു സിനിമയുടെ പേര് പോലെ ചിപ്പിക്കുള്ളിൽ നിന്നും ഇന്ത്യൻ സിനിമയ്ക്ക് ലഭിച്ച മുത്തായിരുന്നു കെ.വിശ്വനാഥ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 108
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY