SignIn
Kerala Kaumudi Online
Sunday, 06 September 2026 12.23 AM IST

നടന സ്ഫോടനത്തിന് 75

mammotty

മലയാളത്തിന്റെ ഇതിഹാസം മമ്മൂട്ടിക്ക് നാളെ 75 വയസ് തികയും. ജനനതീയതി : 1951 സെപ്തംബർ 7, നക്ഷത്രം : വിശാഖം, ജനനസ്ഥലം : ചെമ്പ്.

പ്രായം എപ്പോഴും റിവേഴ്സ് ഗിയറിലാണ് മമ്മൂട്ടിയുടെ മാത്രം കാര്യത്തിൽ. രോഗമുക്തനായി തിരിച്ചുവന്നതിന്റെ ആഹ്ളാദത്തിലായിരുന്നു കഴിഞ്ഞ പിറന്നാളിന് സഹപ്രവർത്തകരും ആരാധകരും. ഇക്കുറി പിറന്നാൾ വൻ ആഘോഷമാക്കാൻ ഒരുക്കങ്ങുകയാണ് പ്രിയപ്പെട്ടവരും ആരാധക ലോകവും.

എല്ലാ വർഷം കൂടുന്ന അക്കങ്ങളെ പോലും അമ്പരപ്പിക്കുകയാണ് മമ്മൂട്ടി. പ്രായമാണോ ഗ്ളാമറാണോ കൂടുന്നതെന്ന് ഓരോ 'മമ്മൂട്ടി പിറന്നാളിനും" കേരളം ചോദിക്കാറുണ്ട്. നാലു ദേശീയ അവാർഡുകളും പദ്‌മശ്രീയും പദ്‌മഭൂഷണും മാത്രമല്ല, 'മഹാനടൻ" എന്ന ഖ്യാതി നേടിയെടുത്ത വ്യക്തിത്വവും അതിമനോഹരം തന്നെ . പി.ഐ. മുഹമ്മദ്‌കുട്ടിയെ മമ്മൂട്ടിയാക്കി പിന്നെ മമ്മുക്കയാക്കി മനസിൽ ഫ്രെയിം ചെയ്ത് മലയാളി വയ്ക്കുന്നതിനു പിന്നിൽ ഒന്നുമാത്രം; അടങ്ങാത്ത സ്‌നേഹം.

പാളിച്ചകളില്ലാത്ത

അഭിന‌യം

അനുഭവങ്ങൾ പാളിച്ചകൾ സിനിമയിലൂടെ ക്യാമറയുടെ മുന്നിൽ എത്തിയ മമ്മൂട്ടി അഭിനയജീവിതത്തിൽ പാളിച്ചകളില്ലാതെ അര നൂറ്റാണ്ട് കടന്നു. സിനിമയോട് മാത്രമായിരുന്നു അന്നും ഇന്നും ലഹരി. കാലചക്രവും വിൽക്കാനുണ്ട് സ്വപ്നങ്ങളും കഴിഞ്ഞു വന്ന 'മേള. ഇതിനുശേഷം മമ്മൂട്ടി തിരിഞ്ഞുനോക്കിയിട്ടില്ല. 'യവനിക" എന്ന കൾട്ട് ക്ളാസിക് പുറത്തിറങ്ങിയപ്പോൾ ആരംഭിച്ച നല്ല കാലം ഒാൺ സ്ക്രീനിലും ഒാഫ് സ്ക്രീനിലും തുടരുന്നു . മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി, ഇംഗ്ളീഷ് ഭാഷകളിലായി 400ലേറെ സിനിമകൾ. എട്ടു തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരങ്ങൾ, കേരള, കാലിക്കറ്റ്, എം.ജി സർവകലാശാല ഡോക്ടറേറ്റുകൾ, എത്ര എത്ര മറ്റ് പുരസ്കാരങ്ങൾ. ഒരിക്കലും മറക്കാനാകാത്ത എത്രയെത്ര വേഷപ്പകർച്ചകൾ. ഒരേ സിനിമയിൽ മൂന്ന് കഥാപാത്രങ്ങളായി വരെ വേഷപ്പകർച്ച നടത്തി അത്ഭുതപ്പെടുത്തി.

കുടുംബനാഥനായും, രാഷ്ട്രീയക്കാരനായും പൊലീസുകാരനായും കള്ളക്കടത്തുകാരനായും, ഭൂതമായും, പോറ്റിയായും, ചരിത്രപുരുഷനായും അങ്ങനെ വൈവിദ്ധ്യമാർന്ന, കഥാപാത്രങ്ങൾ .

തന്നെ തേടി എത്തുന്ന കഥാപാത്രങ്ങളുടെ ജീവിതപരിസരവും ഭൂമിശാസ്‌ത്രവും, മനഃശാസ്ത്രവും ഭാഷയും എല്ലാം പഠിക്കുകയും പൂർണത നേടുന്നതിന് എത്ര കഠിനാദ്ധ്വാനം ചെയ്യാനും മടി കാണിക്കാത്ത അഭിനേതാവ്. അപ്പോൾ മമ്മൂട്ടിയുടെ മുന്നിൽ ഭാഷയുടെയും ദേശങ്ങളുടെയും അതിരുകളില്ലാതാകും. കേരളത്തിലെ പതിനാലു ജില്ലകളിലെ ഭാഷകളും ഭാഷാശൈലിയും മമ്മൂട്ടിയുടെ കൈയിൽ ഭദ്രമാണെന്ന് മലയാളി കണ്ടതാണ്. കണ്ട് കണ്ട് വർഷം അരനൂറ്റാണ്ട് പിന്നിടുമ്പോഴും 75ന്റെ അഴകിൽ

തുടരുകയാണ് മമ്മൂട്ടി.

പുരസ്കാരങ്ങൾക്കപ്പുറത്തെ വളർച്ച

പതിവുപോലെ മമ്മൂട്ടി ആരാധകർ ഉറ്റുനോക്കുകയാണ് പിറന്നാൾ ദിനത്തിൽ മമ്മൂട്ടി സമൂഹമാദ്ധ്യമത്തിൽ പങ്കവയ്ക്കുന്ന ചിത്രം. തന്റെ എല്ലാ പിറന്നാളിനും മമ്മൂട്ടി ഇത് മുടക്കാറില്ല. നിമിഷങ്ങൾക്കകം സോഷ്യൽമീഡിയ 'കത്തും."

ജന്മസിദ്ധമായ പ്രതിഭയല്ല തന്റെ മികവിന്റെ പിന്നിൽ എന്ന് മമ്മൂട്ടി തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 40 സിനിമകളിൽ വരെ അഭിനയിച്ച വർഷം ഉണ്ടായിരുന്നു മമ്മൂട്ടിക്ക്. ഇന്ന് വർഷത്തിൽ രണ്ടോ മൂന്നോ മമ്മൂട്ടി സിനിമകൾ മാത്രം. ആവനാഴിക്കു വേണ്ടി കാത്തിരുന്ന അന്നത്തെ തലമുറ 50 പിന്നിട്ടിട്ടും മമ്മൂട്ടിയുടെ പുതിയ സിനിമ കാണാൻ കാത്തിരിക്കുന്നു. മമ്മൂട്ടിയുടെ അതിഥി വേഷത്തിനു വേണ്ടി കാത്തിരിക്കുന്നു. സിനിമയ്ക്ക് പുറത്തുള്ള മമ്മൂട്ടിയുടെ കഥകൾ കേൾക്കാൻ ആഗ്രഹിക്കുന്നവരുണ്ട്. മമ്മൂട്ടി സഞ്ചരിച്ച വാഹനത്തിന് വഴിതെറ്റിയപ്പോൾ സഹായത്തിനായി എത്തിയ തമിഴ്‌നാട്ടുകാരൻ പാണ്ഡ്യൻ രാത്രി 10 കിലോമീറ്റർ വഴികാട്ടിയ വാർത്ത അടുത്തിടെ ഏറെ ശ്രദ്ധ നേടി. 'നീങ്ക മമ്മൂട്ടി സാറാ" എന്നെ ഫോളോ സെയ് " എന്ന് പറഞ്ഞു ബൈക്കിൽ 10 കിലോമീറ്റർ സഞ്ചരിച്ച പാണ്ഡ്യൻ. മമ്മൂട്ടി ഇങ്ങനെ ആണ്. ഭാഷ കടന്നും ഏതു ആൾക്കൂട്ടത്തെയും വിസ്‌മയിപ്പിക്കും. ഏതു വേഷപ്പകർച്ചയിലും വിസ്മയിപ്പിക്കും. അതു കണ്ട് കണ്ട് ഇരിക്കുന്നത് മലയാളി മാത്രം അല്ലല്ലോ? ക്യാമറയുടെ പിന്നിലും തിളങ്ങുന്ന മമ്മൂട്ടി സംവിധാനത്തോട് മാത്രം താത്പര്യം കാട്ടാതെ നിൽക്കുന്നു. മമ്മൂട്ടി സിനിമയിലൂടെ സംവിധാകരായി മാറിയവരുടെ എണ്ണം അത്ഭുതപ്പെടുത്തുന്നതാണ്. നിതീഷ് സഹദേവിന്റെ മാസ് സിനിമയുമായി വരാൻ പോവുകയാണ് മമ്മൂട്ടി. ഖാലിദ് റഹ്മാന്റെ മട്ടാഞ്ചേരി മാഫിയ ആണ് ആവേശം പകരുന്ന മറ്റൊരു സിനിമ. വരും വർഷങ്ങളിലും ക്യാമറയുടെ മുന്നിൽ തന്നെയാകും മമ്മൂട്ടി. സിനിമയാണ് എനിക്ക് എല്ലാം. ജീവവായു പോലെയാണത്. സിനിമയില്ലെങ്കിൽ എന്റെ ശ്വാസം നിലയ്ക്കും എന്ന് മമ്മൂട്ടി തന്നെ പറഞ്ഞിട്ടുണ്ട്.

കഠിനാദ്ധ്വാനത്തിലൂടെ അഭിനയ കലയുടെ ചക്രവർത്തിയായി മാറിയവരുടെ പേരുകൾ ചേർക്കപ്പെടുന്ന പുസ്തകത്തിൽ ആദ്യ പേര് മറ്റാരുടേതുമല്ല. ദുൽഖർ സൽമാൻ പറയുന്നതുപോലെ 'ഞങ്ങളുടെ സൂര്യൻ."

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAMMOOTTY, BIRTHDAY, CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY