SignIn
Kerala Kaumudi Online
Monday, 28 September 2026 9.20 PM IST

'ഞങ്ങൾക്കൊന്നും അത്ര എളുപ്പത്തിൽ കിട്ടിയതല്ല'; ഫഹദ്‌ഫാസിലുമായുള്ള സൗഹൃദം പങ്കുവച്ച് സൂര്യ

READ ENGLISH VERSION
fahad-fazil
ഫഹദ് ഫാസിൽ, സൂര്യ

'ഡോണ്ട് ട്രബിൾ ദ് ട്രബിൾ' എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങിനിടെ നടൻ ഫഹദ് ഫാസിലുമായുള്ള സൗഹൃദത്തെപ്പറ്റി തുറന്നുപറഞ്ഞു തമിഴ് ‌നടൻ സൂര്യ. ഫഹദ് ഫാസിലിന്റെ സിനിമാ തിരഞ്ഞെടുപ്പുകളെ പുകഴ്‌ത്തിയ താരം ഇരുവരും തമ്മിലുള്ള വ്യക്തിബന്ധത്തെക്കുറിച്ചും വിശദീകരിച്ചു. ഫഹദ് തന്നെ 'അണ്ണാ' എന്ന് വിളിച്ചതിലെ സന്തോഷം പങ്കുവച്ച താരം ആ വിളി മാറ്റി 'സർ' എന്നാക്കരുതെന്നും പറഞ്ഞു.

'ഫഹദ് എന്നെ അണ്ണാ എന്ന് വിളിച്ചതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. അങ്ങനെ അണ്ണാ എന്ന് വിളിച്ചിട്ട് പിന്നീട് അതുമാറ്റി 'സർ' എന്ന് വിളിക്കരുത്. ഞങ്ങൾ രണ്ടും പേരും തമ്മിൽ ഒരുപാട് സംസാരിച്ചിട്ടുണ്ട്. ഒന്നിച്ച് ധാരാളം സമയം ചെലവഴിച്ചിട്ടുണ്ട്. രാവിലെയെന്നോ ഉച്ചയെന്നോ വൈകുന്നേരമെന്നോ വ്യത്യാസമില്ലാതെഞങ്ങൾ സംസാരിച്ചിരുന്ന എത്രമാത്രം ഓർമ്മകളുണ്ട്. കരിയറിന്റെ തുടക്കകാലത്ത് ഞങ്ങൾ നേരിട്ട സമാനതകളെക്കുറിച്ച് പരസ്‌പരം ധാരാളം സംസാരിച്ചിട്ടുണ്ട്. ഞങ്ങൾക്ക് ഒന്നുമത്ര എളുപ്പത്തിൽ കിട്ടിയതല്ല. ഒരുപാട് തവണ വീണും മുറിഞ്ഞുമൊക്കെതന്നെയാണ് എഴുന്നേറ്റ് നിൽക്കാൻ പഠിച്ചത്. ആ ഓർമ്മകളെല്ലാം ഇത്രയും തുറന്ന മനസോടെ പങ്കുവച്ചതിന് ഫഹദിന് ഒരുപാട് നന്ദി'- സൂര്യ പറഞ്ഞു.

യാതൊരു വിധ കണക്കൂകൂട്ടലുകളോ ഇമേജ് നഷ്‌ടപ്പെടുമെന്ന ഭയമോ ഇല്ലാതെ കഥാപാത്രമായി മാറാനുള്ള ഫഹദിന്റെ കഴിവിനെക്കുറിച്ചും സൂര്യ വാചാലനായി. ഫഹദ്‌ ഫാസിലെന്ന നടനപ്പുറം സ്‌ക്രീനിന് അകത്തും പുറത്തുമുള്ള അദ്ദേഹത്തിന്റെ സമീപനമാണ് താൻ ഏറെ ഇഷ്‌ടപ്പെടുന്നതെന്നും ഫഹദ് ഫാസിൽ കൂട്ടിച്ചേർത്തു.

ഫഹദ് ഫാസിൽ നായകനാകുന്ന ബിഗ് ബഡ്‌ജറ്റ ഫാന്റസി എന്റർടെയ്‌നറായ 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' ഒക്‌ടോബർ രണ്ടിനാണ് തിയറ്ററുകളിലെത്തുന്നത്. തെലുങ്കിൽ ഒരുക്കിയിരിക്കുന്ന ചിത്രം മലയാളം, തമിഴ് ഭാഷകളിലും റിലീസിനെത്തും. ശശാങ്ക് യെലേറ്റിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന് കേരളത്തിൽ പ്രദർശനമൊരുക്കുന്നത് ഭാവന റിലീസാണ്.

English Summary

Suriya praised Fahadh Faasil’s acting, film choices, and their close friendship, recalling their shared struggles early in their careers.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FAHAD FAZIL, SURYA, MOLLYWOOD, KOLLYWOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY