SignIn
Kerala Kaumudi Online
Sunday, 26 July 2026 3.23 AM IST

'13 വയസായിരുന്നു അന്ന് ശോഭനയ്ക്ക്, നടിയുടെ ആ പെരുമാറ്റത്തിൽ മേനോൻ സാർ ചായയും വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോയി'

READ ENGLISH VERSION
shobhana

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നായിക ആരാണെന്ന് ചോദിച്ചാൽ പലരുടെയും ഉത്തരം ശോഭന എന്നായിരിക്കും. അത്രമേൽ സുന്ദരമായാണ് ശോഭന മലയാളത്തിലെ ഓരോ വേഷവും കൈകാര്യം ചെയ്തത്. നാല് വർഷങ്ങൾക്ക് മുമ്പ് 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലൂടെ ശോഭന നടത്തിയ തിരിച്ചുവരവ് മലയാളത്തിന് മറ്റൊരു ഹിറ്റ് കൂടെ സമ്മാനിച്ചിരുന്നു. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത 'ഏപ്രിൽ 18' എന്ന ചിത്രത്തിലൂടെയാണ് ശോഭന സിനിമയിൽ അരങ്ങേറിയത്. ചിത്രത്തിൽ നായികയായി എത്തിയ ശോഭനയ്ക്ക് അന്ന് 13 വയസായിരുന്നു പ്രായം.

ഇപ്പോഴിതാ ആ സിനിമയിൽ അഭിനയിക്കാനെത്തിയ ശോഭനയുടെ അന്നത്തെ പെരുമാറ്റത്തെ കുറിച്ച് തുറന്നുപറയുകയാണ് സംവിധായകൻ വിജി തമ്പി. 'ഏപ്രിൽ 18'ൽ സഹസംവിധായകനായി പ്രവർത്തിച്ചത് വിജി തമ്പിയായിരുന്നു. ചിത്രത്തിലേക്ക് ശോഭന എത്തിയതും സെറ്റിൽവച്ച് ശോഭനയോട് ബാലചന്ദ്രമേനോൻ ദേഷ്യപ്പെട്ട സംഭവവും വിജി തമ്പി വെളിപ്പെടുത്തുന്നുണ്ട്. സഫാരി ടിവിയുടെ 'ചരിത്രം എന്നിലൂടെ' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു വിജി തമ്പി.

വിജി തമ്പിയുടെ വാക്കുകളിലേക്ക്...
'ശോഭന ആദ്യമായിട്ട് അഭിനയിക്കുന്ന സിനിമയാണ് ഏപ്രിൽ 18. ശോഭന ആ സിനിമയിലേക്ക് വരാനുള്ള കാരണം സുകുമാരി ചേച്ചിയായിരുന്നു. ചേച്ചിയുടെ ബന്ധുവാണ് ശോഭന. എനിക്ക് തോന്നുന്നു, അന്ന് ശോഭനയ്ക്ക് 13 അല്ലെങ്കിൽ 14 വയസോ മാത്രമേ ഉള്ളൂ പ്രായം. കുട്ടിത്തം മാറാത്ത അവസ്ഥയായിരുന്നു അന്ന്. ആ സമയത്താണ് ബാലചന്ദ്രമേനോൻ സാറിന്റെ ഭാര്യയായിട്ട് സാരിയൊക്കെ ഉടുത്ത് ശോഭന എത്തുന്നത്. എനിക്ക് തോന്നുന്നു ശോഭന സാരിയുടുക്കുന്നത് ആദ്യമായിട്ടാണെന്ന്.

ആ കുട്ടിക്ക് മലയാളം ഒന്നും അറിയില്ല. മലയാളം ഡയലോഗ് ഇംഗ്ലീഷിൽ വേണം എഴുതിക്കൊടുക്കാൻ. അങ്ങനെ എഴുതിക്കൊടുത്താൽ അതിൽ ഒന്നും വലിയ താൽപര്യം കാണിക്കാറില്ല. ആ കുട്ടി നന്നായിട്ട് പടം വരയ്ക്കുമായിരുന്നു. ഒരിക്കൽ ഡയലോഗ് എഴുതിക്കൊടുത്ത പേപ്പറിന്റെ പുറകിൽ പടം വരച്ച് കൊണ്ടിരിക്കുന്നു. ഞാൻ പറഞ്ഞു, മേനോൻ സാറിന്റെ സീനാണ്. അദ്ദേഹത്തിന് ദേഷ്യം വരും എന്നൊക്കെ.

ഒരു ദിവസം മേനോൻ സാറും ശോഭനയുമായും ഒരു സീൻ എടുത്തുകൊണ്ടിരിക്കുകയാണ്. ഒരു ഫംഗ്ഷന് ഭാര്യയായ ശോഭനയുമായി പോകുന്നതാണ് സീൻ. മേനോൻ സാർ ശോഭനയുടെ സാരി ശരിയാക്കിക്കൊടുക്കുന്ന ഷോട്ടായിരുന്നു അത്. ഈ സമയത്ത് ശോഭന കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോൾ സാറിന് വലിയ ദേഷ്യം വന്നു. അദ്ദേഹം ദേഷ്യപ്പെട്ട് കണ്ടിട്ടുള്ള അപൂർവം സന്ദർഭങ്ങളിൽ ഒന്നായിരുന്നു. അന്ന് കയ്യിലുണ്ടായിരുന്ന ചായയും ബിസ്‌കറ്റും വലിച്ചെറിഞ്ഞുകൊണ്ടാണ് അദ്ദേഹം അവിടെ നിന്നും പോയത്. ഇതിന് ശേഷം സുകുമാരിച്ചേച്ചി ശോഭനയെ വിളിച്ച് കാര്യങ്ങൾ എല്ലാം പറഞ്ഞു മനസിലാക്കി'.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA, SHOBANA, LATEST NEWS, VIRAL INTERVIEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY