കെട്ട്യോളാണ് എന്റെ മാലാഖ', 'റോഷാക്ക്' എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായ നിസാം ബഷീർ സംവിധാനം ചെയ്ത 'ഐ നോബഡി' ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. 'കൂടെ' എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും പാർവ്വതിയും വീണ്ടും ഒന്നിച്ച സിനിമയാണ് 'ഐ, നോബോഡി. ബാങ്ക് കൊള്ളയുടെ പശ്ചാത്തലത്തിലാണ് ട്വിസ്റ്റും ആക്ഷനും നിറച്ച ഈ ഫാമിലി ത്രില്ലർ ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് ആദ്യ ഷോകൾക്ക് ശേഷം സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.
തന്റെ മുൻ ചിത്രമായ 'റോഷാക്കി'ലേതു പോലെ തന്നെ ആദ്യ ഷോട്ട് മുതൽ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്താൻ നിസാമിന് 'ഐ, നോബഡി'യിലും സാധിച്ചു. എന്നാൽ 'റോഷാക്കി'ൽ നിന്നും വ്യത്യസ്തമായി കൂടുതൽ റിയലിസ്റ്റിക്കായ കഥാപരിസരമാണ് സംവിധായകൻ ഇവിടെ ഒരുക്കിയിരിക്കുന്നത്.
സസ്‌പെൻസിനോടൊപ്പം തന്നെ രാജീവന്റെയും (പൃഥ്വിരാജ് സുകുമാരൻ) കുടുംബത്തിന്റെയും വൈകാരികമായ യാത്രയെയും സിനിമ മനോഹരമായി ബാലൻസ് ചെയ്യുന്നുണ്ട്. പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും സിനിമയുടെ നിഗൂഢത നിറഞ്ഞ അന്തരീക്ഷത്തെ കൂടുതൽ ദൃഢമാക്കുന്നു. ഇതിനൊപ്പം പ്രത്യേകം എടുത്തുപറയേണ്ടത് ആക്ഷൻ രംഗങ്ങളാണ്.
സിനിമയിലെ ലിഫ്റ്റ് ഫൈറ്റ്, സ്ട്രീറ്റ് ഫൈറ്റ് രംഗങ്ങൾ മികച്ച രീതിയിലാണ് കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. ക്യാമറ വർക്കുകളും വിഷ്വൽസും ഹോളിവുഡ് ഭാവമാണ് സിനിമയ്ക്ക് നൽകുന്നത്. കഥ മെല്ലയാണ് മുന്നോട്ട് പോകുന്നതെങ്കിലും തിരക്കഥ പ്രേക്ഷകരെ ബോറടിപ്പിക്കാതെ പിടിച്ചിരുത്തുന്നുണ്ട്.
പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പൃഥ്വിരാജും പാർവ്വതിയുടെയും സ്‌ക്രീൻ പ്രസൻസും കെമിസ്ട്രിയും ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവുകളിൽ ഒന്നാണ്. അശോകൻ, ഹക്കിം ഷാജഹാൻ എന്നിവരടങ്ങുന്ന സഹതാരങ്ങളും തങ്ങൾക്ക് ലഭിച്ച വേഷങ്ങൾ വളരെ ഭംഗിയായി കൈകാര്യം ചെയ്തു.
ആക്ഷനിലും ഇമോഷണൽ രംഗങ്ങളിലും തന്റെ കഥാപാത്രത്തോട് നൂറ് ശതമാനവും നീതി പുലർത്തുന്ന പ്രകടനമാണ് പൃഥ്വിരാജ് കാഴ്ചവച്ചിരിക്കുന്നത്. താരത്തിന്റെ സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് ഇതിലേത്. സിനിമയിൽ ഒരിടത്തുപോലും യഥാർത്ഥ പൃഥ്വിരാജ് സുകുമാരനെ നമുക്ക് കാണാൻ കഴിയില്ല. 'ഐ, നോബോഡി' പ്രേക്ഷകരെ പൂർണമായും എന്റർടൈൻ ചെയ്യിപ്പിക്കുന്ന മികച്ച ഇൻവെസ്റ്റിഗേഷൻ-ഫാമിലി ത്രില്ലറെന്ന് നിസംശയം പറയാം. മികച്ച തിയേറ്റർ അനുഭവം ആഗ്രഹിക്കുന്നവർ ധൈര്യമായി ടിക്കറ്റെടുത്തോളൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |