
മലയാളികൾ ഉൾപ്പെടെ ദക്ഷിണേന്ത്യൻ സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ ഏറ്റെടുത്ത ക്ലാസിക് ചിത്രം ജെന്റിൽമാൻ പുതിയ സാങ്കേതിക മികവോടെ റീ റിലീസിന് . റിലീസിന്റെ 33-ാം വർഷം ആണ് റീ റിലീസിന് ഒരുങ്ങുന്നത്. ഫോർ കെ അൾട്രാ എച്ച് ഡി ദൃശ്യ നിലവാരത്തിലും ഡോൾബി അറ്റ് മോസ് ശബ്ദ സാങ്കേതികവിദ്യയിലും റീമാസ്റ്റർ ചെയ്ത പതിപ്പ് ഉടൻ പ്രദർശനത്തിന് എത്തും.
മെഗാ പ്രൊഡ്യൂസർ കെ.ടി. കുഞ്ഞുമോൻ അവതരിപ്പിക്കുന്ന ജെന്റിൽമാൻ 1993ൽ ഷങ്കർ ഒരുക്കിയ ആദ്യ സംവിധാന സംരംഭം ആണ്. സാമൂഹിക പ്രസക്തി നിറഞ്ഞ വിഷയത്തെ വാണിജ്യ സിനിമയുടെ അവതരണശൈലിയുമായി സമന്വയിപ്പിച്ച ചിത്രം ഇന്ത്യൻ സിനിമയിൽ വലിയ വഴിത്തിരിവായി മാറി. ആക്ഷൻ കിംഗ് അർജുൻ നായകനായ ചിത്രത്തിൽ മധുബാലയാണ് നായിക. വൈരമുത്തു, വാലി ടീം ഒരുക്കിയ ഗാനങ്ങളും എ.ആർ. റഹ്മാൻ സൃഷ്ടിച്ച ഈണവും മാസ്റ്റർ പീസുകളാണ്.
ഛായാഗ്രഹണം: ജീവ, എഡിറ്റിംഗ്: ബി. ലെനിൻ, വി.ടി. വിജയൻ, കലാസംവിധാനം: തോട്ടാ തരണി. ഈ ടീമിന്റെ മികവാണ് ചിത്രത്തെ ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച ടെക്നിക്കൽ സിനിമകളിലൊന്നാക്കി മാറ്റിയത്. ഗാനങ്ങൾ മാത്രമല്ല , പശ്ചാത്തല സംഗീതവും വലിയ ശ്രദ്ധ നേടി . ഒട്ടക്കത്തെ കെട്ടിക്കോ, ചിക്കു ബുക്ക് റെയിലേ ഉൾപ്പെടെയുള്ള ഗാനങ്ങൾ ഇന്നും ആരാധകർ പാടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |