പതിനഞ്ച് വർഷത്തെ പ്രണയത്തിനൊടുവിൽ 2024 ഡിസംബറിലാണ് നടി കീർത്തി സുരേഷ് വിവാഹിതയായത്. ബാല്യകാല സുഹൃത്തും ദോഹയിൽ ബിസിനസുകാരനുമായ ആന്റണി തട്ടിലിനെയാണ് കീർത്തി വിവാഹം കഴിച്ചത്. ഇപ്പോഴിതാ ആന്റണിയുമായുള്ള ബന്ധം തന്റെ വീട്ടുകാർ എതിർത്തിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഒരു അഭിമുഖത്തിലാണ് താരം മനസുതുറന്നത്.
'പന്ത്രണ്ടാം ക്ളാസ് കഴിഞ്ഞയുടനാണ് എന്റെ ഭർത്താവുമായി പ്രണയം തുടങ്ങിയത്. കോളേജിൽ പഠിക്കുന്ന സമയത്ത് അമ്മ എന്റെ ഡയറി കണ്ടു. ആന്റണിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഡയറിയിലുണ്ടായിരുന്നു. അതിനുശേഷം ഡയറിയെഴുത്തുതന്നെ പൂർണമായും ഞാൻ നിർത്തി. എഴുതാൻ എനിക്ക് ഇഷ്ടമായിരുന്നു. എന്നാലിപ്പോൾ ആ ഡയറി എവിടെയാണെന്നുപോലും എനിക്കറിയില്ല. അതെനിക്ക് തിരികെ ലഭിക്കണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ അമ്മയത് കത്തിച്ചുകളഞ്ഞതായാണ് എനിക്ക് തോന്നുന്നത്.
2009 ഡിസംബറിലാണ് ഞങ്ങൾ ആദ്യമായി കണ്ടുമുട്ടിയത്. 2010 ജനുവരിയിൽ പ്രണയിക്കാൻ തുടങ്ങി. അദ്ദേഹം ക്രിസ്‌ത്യാനിയായതിനാൽ വീട്ടിൽ ഒരുപാട് പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നു. കുടുംബത്തെ അനുനയിപ്പിക്കാൻ ഏറെ നാൾ വേണ്ടിവന്നു. ഞാൻ നടിയാകുന്നതിന് മുൻപുതന്നെ അദ്ദേഹം എന്നെ കണ്ടുതുടങ്ങിയിരുന്നു. ഞങ്ങൾ ഒരുമിച്ചാണ് വളർന്നത്'- എന്നായിരുന്നു താരം അഭിമുഖത്തിൽ പങ്കുവച്ചത്.
ഇതിന് മുൻപ് മറ്റൊരു അഭിമുഖത്തിൽ വിവാഹത്തെക്കുറിച്ച് കീർത്തി സുരേഷ് പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടിയിരുന്നു. 'ശരിക്കും അതൊരു സ്വപ്നം പോലെയായിരുന്നു. 'സ്വപ്നം' എന്ന് വിളിക്കാനും കഴിയില്ല, കാരണം ഒളിച്ചോടുന്നതിനെക്കുറിച്ചുള്ള പേടിസ്വപ്നങ്ങൾ ഞങ്ങൾ കണ്ടിട്ടുണ്ട്. അതുകൊണ്ട് ഇതൊരു സ്വപ്നമാണോ എന്ന് പോലും എനിക്ക് ഉറപ്പില്ല. എങ്കിലും, എന്റെ മനസ് അന്ന് നിറഞ്ഞു. ഞങ്ങൾ എപ്പോഴും ആഗ്രഹിച്ചിരുന്ന കാര്യമായതിനാൽ അതീവ വികാരഭരിതമായ ഒരു നിമിഷമായിരുന്നു അത്'- എന്നായിരുന്നു മുൻപ് താരം പറഞ്ഞത്.
Actress Keerthy Suresh revealed that her family initially opposed her relationship with longtime boyfriend Antony Thattil because he was Christian. The couple began dating in January 2010 after meeting in December 2009 and married in December 2024. In an interview, Keerthy also recalled how her mother discovered their relationship through her personal diary.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |