SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.55 AM IST

കളമശേരിക്ക് 'ഒപ്പം' നടന്ന് പി. രാജീവ്

-b

കൊച്ചി: 'ഒപ്പം" എന്നതാണ് കളമശേരി മണ്ഡലത്തിൽ മന്ത്രി പി. രാജീവിന്റെ വികസന മുദ്രാവാക്യം. അഞ്ച് വർഷം മന്ത്രിയായും സ്ഥലം എം.എൽ.എയായും എല്ലാ കാര്യങ്ങളിലും കളമശേരിക്കാർക്ക് ഒപ്പമുണ്ടായിരുന്നുവെന്ന ഓർമ്മപ്പെടുത്തലും ഇനിയും ഉണ്ടാകുമെന്ന ഉറപ്പുമാണ് സ്ഥാനാർത്ഥിയെന്ന നിലയിലും പി. രാജീവ് ജനങ്ങൾക്ക് നൽകുന്ന വാഗ്ദാനം. പെസഹാവ്യാഴം പ്രമാണിച്ച് ഇന്നലെ പരസ്യപ്രചാരണത്തിന് അവധി നൽകി ഭവനസന്ദർശനത്തിലായിരുന്നു സ്ഥാനാർത്ഥി. രാവിലെ കളമശേരി ജംഗ്ഷനിൽ 'വനിതാ മുന്നേറ്റ" റാലിയോടെയായിരുന്നു തുടക്കം. ചുവപ്പുതൊപ്പി ധരിച്ച വനിതകൾക്കൊപ്പം സ്ഥാനാർത്ഥിയും നടന്നു. സൗത്ത് കളമശേരിയിൽ ബലൂണുകൾ ആകാശത്തേക്ക് പറത്തി പ്രവർത്തകർ സ്ഥാനാർത്ഥിക്ക് അഭിവാദ്യമർപ്പിച്ചു.

തുടർന്ന് കുസാറ്റ് റോഡിലെ അൽഫിയ നഗർ, വിദ്യാ നഗർ എന്നിവിടങ്ങളിൽ ഭവനസന്ദർശനം. കുടുംബാംഗങ്ങളെ പേരുചൊല്ലി വിളിച്ച് സൗഹൃദം പുതുക്കി പെസഹാ ആശംസകൾ നേരുന്നതിനൊപ്പം ഇടതു ഭരണത്തുടർച്ചയ്‌ക്ക് പിന്തുണതേടി. ഫാക്ട് മുൻ ആർ ആൻഡ് ഡി ഹെഡ് കെ.ജി. ഉണ്ണികൃഷ്ണന്റെയും ഭാര്യ ഫാക്ട് ഹൈസ്‌കൂൾ റിട്ട. ഹെഡ്മിസ്ട്രസ് ആർ. ഗീതാദേവിയുടെയും വീട്ടിലെത്തിയപ്പോൾ ചർച്ച സാഹിത്യത്തിലേക്ക് കടന്നു. മേത്തർ നഗറിൽ അന്തരിച്ച എൻ.കെ. സീതിയുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേർന്നശേഷം നീറിക്കോട് രണ്ട് വിവാഹച്ചടങ്ങുകളിലും പങ്കെടുത്തു. നീറിക്കോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സന്ദർശിച്ച് പെസഹ ആശംസ നേർന്നു. നേരെ പോയത് നീറിക്കോട് തറയിൽ ഭഗവതി ക്ഷേത്രോത്സവത്തിലേക്കാണ്. അവിടെ പ്രസാദ ഊട്ടിന് സംഘാടകർക്കൊപ്പം ചേന്ന് ഭക്തർക്ക് ഭക്ഷണം വിളമ്പിയും ഒപ്പം ഊണും കഴിച്ചുമാണ് മടങ്ങിയത്.

പിന്നാലെ അത്യാവശ്യ പാർട്ടി മീറ്റിംഗുകൾ. വൈകിട്ട് മുപ്പത്തടം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ 'ഗ്രന്ഥശാലയ്ക്ക് ഒപ്പം കളമശേരി" പരിപാടിയിൽ എഴുത്തുകാരി കെ.ആർ. മീരയുമായി സാഹിത്യസംഭാഷണത്തിലും സ്ഥാനാർത്ഥിയുടെ സിന്നിദ്ധ്യം. എഴുത്തുകാരായ എൻ.ഇ. സുധീർ, പ്രൊഫ. മാർക്കോസ്, വി.പി. ലതിക എന്നിവരും പങ്കെടുത്തു.

? മണ്ഡലപര്യടനം ആദ്യഘട്ടം പൂർത്തിയാകുമ്പോൾ എന്തുതോന്നുന്നു

കേരളത്തിൽ ഇടതു മുന്നണി സർക്കാരിന്റെ ഭരണ തുർച്ചയാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. യു.ഡി.എഫിന്റെ നുണപ്രചാരണങ്ങളൊന്നും ഇടതുമുന്നണിയുടെ ശോഭ കെടുത്താൻ പര്യാപ്തമല്ല. പാവപ്പെട്ടവരുടെയും പാർശ്വവത്കൃതരുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂവെന്ന് ജനം മനസിലാക്കിയിട്ടുണ്ട്.

? മന്ത്രിയെന്ന നിലയിൽ കളമശേരി മണ്ഡലത്തിലെ വോട്ടർമാർ എങ്ങനെയാണ് വിലയിരുത്തുന്നത്.

മന്ത്രിയായിരിക്കുമ്പോഴും കളമശേരിയുടെ എം.എൽ.എ എന്ന നിലയിൽ മണ്ഡലത്തിലെ എല്ലാ പ്രശ്നങ്ങളിലും ഞാൻ ഒപ്പമുണ്ടായിരുന്നു. കളമശേരിക്ക് ഒപ്പം എന്ന നയമാണ് കഴിഞ്ഞ അഞ്ച് വർഷവും ഇവിടെ നടപ്പിലാക്കിയത്. കാർഷിക, വ്യാവസായിക മേഖലകളിലും സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലും നിരവധി പദ്ധതികൾ നടപ്പിലാക്കിയതിന്റെ പ്രതിഫലനമാണ് ജനങ്ങൾ നൽകുന്ന പിന്തുണ.

? ഇടതുപക്ഷത്തിന് തുടർഭരണം ലഭിച്ചാൽ

പ്രകടനപത്രികയിൽ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും നടപ്പിലാക്കി ജനങ്ങളുടെ മുമ്പിൽ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചാണ് ഇടതുപക്ഷ മുന്നണി സർക്കാർ 10 വർഷവും ഭരിച്ചത്. പുതുതായി അവതരിപ്പിച്ച പ്രകടന പത്രികയിലെ മുഴുവൻ വാഗ്ദാനങ്ങളും നടപ്പിലാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA