SignIn
Kerala Kaumudi Online
Monday, 15 June 2026 8.45 AM IST

പിസിയെയും ഷോണിനെയും കൈവിട്ട് പൂഞ്ഞാറും പാലായും; അപ്പനും മകനും ഒരുമിച്ച് നി‌യമസഭയിലെന്ന മോഹത്തിന് അന്ത്യം

READ ENGLISH VERSION
pc-george-and-shone-georg

കോട്ടയം: തിരഞ്ഞെടുപ്പിൽ വിജയിച്ച് അപ്പനും മകനും ഒരുമിച്ച് നിയമസഭയിലെത്തണമെന്ന പി സി ജോര്‍ജിന്റെയും മകന്റെയും സ്വപ്നത്തിന് അന്ത്യം. പൂഞ്ഞാറിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച പി സി ജോര്‍ജിനെ യുഡിഎഫിന്റെ എം.ജെ. സെബാസ്റ്റ്യനും പാലായിൽ ഷോൺ ജോര്‍ജിനെ യുഡിഎഫിന്റെ മാണി സി കാപ്പനും പരാജയപ്പെടുത്തിയതോടെയാണ് ഇവരുടെയും സ്വപ്നത്തിന് അന്ത്യമായത്.‌

പൂഞ്ഞാറിൽ മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും ആർക്കെങ്കിലും തർക്കം ഉണ്ടെങ്കിൽ അവരുമായി ഒരു കോടി രൂപ പന്തയം വെക്കാൻ തയ്യാറാണെന്നും കഴിഞ്ഞ ദിവസം പി സി ജോര്‍ജ് പറഞ്ഞിരുന്നു. പാലായിൽ ഷോൺ ജോർജ് ജയിക്കും. കേരള നിയമസഭയിൽ അപ്പനും മകനും ഒന്നിച്ച് എത്തുന്ന ചരിത്രം ആകും ഇത്തവണയെന്നായിരുന്നു പിസിയുടെ വെല്ലുവിളി. എന്നാൽ യുഡിഎഫിനെ ചേർത്തുനിർത്തിയ പൂഞ്ഞാറിലെയും പാലായിലെയും വോട്ടർമാർ അപ്പനേയും മകനേയും ഒരുമിച്ച് കൈവിട്ടു.

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ എം.ജെ. സെബാസ്റ്റ്യൻ 56599 വോട്ടുകൾക്കാണ് വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ 49971 വോട്ടുകൾ നേടി രണ്ടാമതെത്തിയപ്പോൾ പി.സി. ജോർജ് 35573 വോട്ടുകളുമായി മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. കേരള കോൺഗ്രസ് സ്ഥാപക ചെയർമാൻ കെ.എം ജോർജ് രണ്ടുവട്ടം വിജയിച്ച ഇടമെങ്കിലും പി.സി ജോർജിലൂടെ അറിയപ്പെടുന്ന നിയോജക മണ്ഡലമാണ് കോട്ടയം ജില്ലയിലെ പൂഞ്ഞാർ. പി.സി ജോർജ് എന്ന രാഷ്ട്രീയ നേതാവിനെ കേന്ദ്രീകരിച്ചാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെക്കാലം പൂഞ്ഞാറിലെ രാഷ്ട്രീയം ചുറ്റിക്കറങ്ങിയത്. 1996 മുതൽ തുടർച്ചയായി 25 വർഷമാണ് പി.സി ജോർജ് പൂഞ്ഞാറിനെ നിയമസഭയിൽ പ്രതിനിധീകരിച്ചത്.

ഇടത് മുന്നണിയ്ക്കൊപ്പവും വലത് മുന്നണിയ്ക്കൊപ്പവും മാറിമാറി നിന്നപ്പോഴും പി.സിയെ പൂഞ്ഞാറുകാർ വിജയിപ്പിച്ചു.എന്നാൽ 2021 നിയമസഭ തെരഞ്ഞെടുപ്പോടെ പി.സി ജോർജിന്റെ പൂഞ്ഞാറിലെ ആധിപത്യം അവസാനിച്ചു. എൽഡിഎഫ് സ്ഥാനാർഥിയും കേരള കോൺഗ്രസ് എം സ്ഥാനാർഥിയുമായ സെബാസ്റ്റ്യൻ കുളത്തുങ്കൽ 16,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുകയായിരുന്നു. പൂഞ്ഞാർ തിരിച്ചുപിടിക്കാൻ ബിജെപി സ്ഥാനാർത്ഥിയായി തുനിഞ്ഞിറങ്ങിയ പി.സി ജോർജിന് പക്ഷെ ഫലം നിരാശയാണ്.

അതേസമയം എല്ലാ സമുദായങ്ങളുടെയും വോട്ട് ബിജെപിക്ക്‌ കിട്ടിയിട്ടുണ്ടെന്നും ക്രിസ്ത്യൻ വോട്ടുകൾ അനുകൂലം ആകുമെന്നും പ്രതീക്ഷിച്ചിരുന്ന ഷോൺ ജോർജിനും പാലായിൽ കനത്ത തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. 991 വോട്ടുകൾക്ക് യുഡിഎഫിന്റെ മാണി സി കാപ്പൻ വിജയിച്ചു.
ആകെ 1,35,851 വോട്ടുകൾ പോൾ ചെയ്തപ്പോൾ 50,799 വോട്ടുകൾ കാപ്പൻ പിടിച്ചെടുത്തു. മണ്ഡലത്തിൽ കടുത്ത മത്സരം കാഴ്ചവെച്ചെങ്കിലും ജോസ് കെ മാണി 47,808 വോട്ടുകളിൽ ഒതുങ്ങി. 35,304 വോട്ടുകളാണ് ഷോൺ ജോർജ് നേടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA, ASSEMBLY ELECTION, POONJAR, PALA, PC GEORGE, SHONE GEORGE, BJP, UDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA