SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

വോട്ടർ പട്ടികയിൽ 23വരെ പേരു ചേർക്കാം; സപ്ളിമെന്ററി പട്ടിക 24ന്, 85% പോളിംഗ് ലക്ഷ്യം

elections-kerala-ls-polls

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടില്ലാത്തവർക്ക് 23വരെ അപേക്ഷ നൽകി വോട്ടർപട്ടികയിൽ പേരുചേർക്കാം. 24ന് സപ്ളിമെന്ററി പട്ടികയായി ഇത് പ്രസിദ്ധീകരിക്കും. പരമാവധി പേർക്ക് വോട്ടവകാശം വിനിയോഗിക്കാൻ അവസരം നൽകും. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ പോളിംഗ് നേടുകയാണ് ലക്ഷ്യമെന്നും 85% പോളിംഗ് ഇക്കുറി ഉണ്ടാകുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസർ രത്തൻ ഖേൽക്കർ പറഞ്ഞു. ഇതുവരെയുണ്ടായതിൽ 80.57%മാണ് സംസ്ഥാനത്തെ കൂടിയ പോളിംഗ്.

രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതുതായി അപേക്ഷിച്ചവരുൾപ്പെടെ നിലവിൽ 2.71കോടിയായി വോട്ടർമാരുടെ എണ്ണം കൂടിയിട്ടുണ്ട്. എല്ലാവർക്കും വോട്ടുചെയ്യാൻ കഴിയുന്ന തരത്തിൽ 30,471 ബൂത്തുകളിലായി അവരെ ജിയോ മാപ്പിംഗ് നൽകി ക്രമീകരിക്കും.

സർക്കാർ സംവിധാനങ്ങളുപയോഗിച്ചുള്ള പരസ്യങ്ങൾ നിയന്ത്രിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നിട്ടും നാമനിർദ്ദേശപത്രിക കിട്ടാത്ത സാഹചര്യം പരിഹരിക്കണം. പണത്തിന്റെ അതിരുവിട്ട കുത്തൊഴുക്ക് നിയന്ത്രിക്കാൻ സംവിധാനമൊരുക്കണം. യോഗം നടത്തുന്നതിനും മൈക്ക് ഉപയോഗിക്കുന്നതിനും പരസ്യങ്ങൾ നൽകുന്നതിനുമുള്ള അനുമതികൾ സുഗമവും വേഗത്തിലുമാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. സർക്കാർ പരസ്യങ്ങളെ രാഷ്ട്രീയമായി തടയാൻ ശ്രമിക്കുന്നത് ശരിയല്ലെന്ന് സി.പി.എം പ്രതിനിധി ചൂണ്ടിക്കാട്ടി.

കിടപ്പ് രോഗികൾക്ക്

വീട്ടിൽ വോട്ട്

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചവർ, പ്രതിരോധ സർവീസിലുള്ളവർ, പൊലീസ് ഫയർഫോഴ്സ് തുടങ്ങിയവർക്ക് തപാൽ വോട്ട് അനുവദിക്കും. കിടപ്പുരോഗികൾക്കും 85വയസ് പിന്നിട്ടവർക്കും 40%ലേറെ വൈകല്യമുളളവർക്കും ഹോം വോട്ടും അനുവദിക്കും.

ചൂട് കാലാവസ്ഥ കണക്കിലെടുത്ത് പോളിംഗ് ബൂത്തുകളിൽ വോട്ടർമാരുടെ നിരയുടെ നീളം ക്രമീകരിക്കും. ഫാനും വെള്ളവും ഒരുക്കും. ഹരിത ചട്ടം കർശനമായി പാലിക്കും. സുരക്ഷയൊരുക്കാൻ 30 കമ്പനി കേന്ദ്രസേന എത്തിയിട്ടുണ്ട്. കൂടുതൽ സേന വൈകാതെ എത്തും.

പ്രചാരണച്ചെലവ് 40ലക്ഷം

ഒരു അസംബ്ളി മണ്ഡലത്തിൽ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ചെലവ് 40 ലക്ഷമായിരിക്കും. അത് കർശനമായി നിരീക്ഷിക്കും. മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VOTE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA