ന്യൂഡൽഹി: കോടിക്കണക്കിന് സമ്മതിദായകർ വോട്ടർ പട്ടികയിൽ നിന്ന് പുറത്താവാൻ ഇടയാക്കിയ ഫോം 6ലെ മാറ്റങ്ങൾ സുപ്രീംകോടതി അംഗീകരിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് ഇന്നലെ വ്യക്തമാക്കിയതോടെ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ നില പരുങ്ങലിലായി. പ്രതിപക്ഷം അദ്ദേഹത്തിന്റെ രാജിക്കായി പ്രക്ഷോഭം തുടരുന്നതിനിടെയാണ് കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടാകുന്നത്.
വോട്ടർമാരുടെ മാതാപിതാക്കളുടെ പേര് തൊട്ടുമുൻപ് നടന്ന എസ്.ഐ.ആർ പട്ടികയിൽ ഉണ്ടായിരുന്നോ? എന്ന ചോദ്യമാണ് അധികമായി ഉൾപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും ഇതിനെ എതിർത്തിരുന്നു. 1960ലെ രജിസ്ട്രേഷൻ ഒഫ് ഇലക്ടേഴ്സ് ചട്ടങ്ങളിൽ കേന്ദ്രസർക്കാർ ഭേദഗതി കൊണ്ടുവന്നാൽ മാത്രമേ നടപ്പാക്കാൻ കഴിയൂ എന്നാണ് അവർ നിലപാടെടുത്തത്.
ഇക്കാര്യം പുറത്തുവന്നതോടെ, ഈ മാറ്റം സുപ്രീംകോടതി അംഗീകരിച്ചതാണെന്ന ന്യായീകരണവുമായി സെപ്‌തംബർ 26ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താക്കുറിപ്പിറക്കിയിരുന്നു. അതാണ് ഇപ്പോൾ സുപ്രീംകോടതി നിരസിച്ചത്. ഏതെങ്കിലും തീരുമാനം ഏകകണ്ഠമായിരുന്നില്ലെന്ന് തെളിഞ്ഞാൽ സ്റ്റേ ചെയ്യുമെന്ന് കോടതി വ്യക്തമാക്കി. അത് അധികാരപരിധിയും കടന്നുള്ള പ്രവൃത്തിയെന്ന് പ്രഖ്യാപിക്കും.
ആരാണ് ഭേദഗതി വരുത്തിയതെന്ന് പരിശോധിക്കുമെന്നും ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി,വി. മോഹന എന്നിവർ കൂടി ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. കമ്മിഷൻ ഹാജരാക്കുന്ന മിനുട്സ് അടക്കം രേഖകൾ നിർണായകമാകും.
ഗ്യാനേഷിന്റെ സസ്പെൻഷന്
മറുപടി വരട്ടെന്ന് കോടതി
ഗ്യാനേഷിനെ സസ്‌പെൻഡ് ചെയ്യണമെന്ന പൊതുതാത്പര്യഹർജികളിലെ ആവശ്യത്തിൽ അടിയന്തരസ്വഭാവത്തോടെ ഇടപെടാൻ സുപ്രീംകോടതി തയ്യാറായില്ല. ഗ്യാനേഷിന്റെയും കമ്മിഷന്റെയും അടക്കം വിശദീകരണം കേട്ടശേഷം ഇടക്കാല ഉത്തരവിലേക്ക് കടക്കാമെന്ന് അറിയിച്ചു.
കേന്ദ്രസർക്കാർ,തിരഞ്ഞെടുപ്പ് കമ്മിഷൻ,മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ,തിരഞ്ഞെടുപ്പ് കമ്മിഷണർമാർ,ഡെപ്യുട്ടി തിരഞ്ഞടുപ്പ് കമ്മിഷണർ മനീഷ് ഗാർഗ്,ഐ.ടി വിഭാഗം മേധാവി സീമ ഖന്ന എന്നിവർക്കാണ് നോട്ടീസ്.
സസ്‌പെൻഡ് ചെയ്‌താൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനം സ്‌തംഭിക്കില്ലേയെന്നും ആരാണ് പിന്നീട് തിരഞ്ഞെടുപ്പ് നടത്തുകയെന്നും കോടതി ചോദിച്ചു. രണ്ട് കമ്മിഷണർമാർക്ക് ചുമതലകൾ നിർവഹിക്കാനാകുമെന്ന് ഹർജിക്കാരനായ രാകേഷ് കുമാർ സിംഗിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് സിംഗ് പ്രതികരിച്ചു.
'ഇന്ത്യ' മുന്നണി മാർച്ച് ഇന്ന്
തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിലേക്ക് 'ഇന്ത്യ' മുന്നണി എം.പിമാർ ഇന്ന് നടത്തുന്ന മാർച്ചിൽ മുഖ്യമന്ത്രി വി.ഡി.സതീശനും പങ്കെടുക്കും.ഗ്യാനേഷ് നിയമവിരുദ്ധമായും ഏകപക്ഷീയമായും ഫോം 6 ഭേദഗതി ചെയ്‌തുവെന്നത് സംശയത്തിനിടയില്ലാത്ത വിധം തെളിഞ്ഞെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. പദവിയിൽ തുടരാൻ ഗ്യാനേഷിന് അർഹതയില്ലെന്ന് സി.പി.ഐ രാജ്യസഭ എം.പി പി.സന്തോഷ് കുമാർ പറഞ്ഞു. സുപ്രീംകോടതി ഗ്യാനേഷിനെ കൈയൊഴിഞ്ഞുവെന്ന് സി.ജെ.പി വക്താവ് സൗരവ് ദാസ് പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |