SignIn
Kerala Kaumudi Online
Tuesday, 19 May 2026 3.45 AM IST

മുഖ്യമന്ത്രി: മൂവ‌ർക്കും വേണ്ടി നീക്കം തകൃതി: ഹൈക്കമാൻഡ് വിയർക്കും

vd

തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രി പദത്തിലേക്ക് മൂന്ന് നേതാക്കളെ കേന്ദ്രീകരിച്ചുള്ള അണിയറ നീക്കങ്ങൾ ശക്തമായി നടക്കുന്നതിനിടെ ഇന്ന് എ.ഐ.സി.സി നിരീക്ഷകർ കേരളത്തിലെത്തും. കെ.സി.വേണുഗോപാൽ, വി.ഡി.സതീശൻ, രമേശ് ചെന്നിത്തല എന്നിവർക്കുവേണ്ടിയാണ് അടുപ്പക്കാർ നീക്കങ്ങൾ തകൃതിയാക്കിയത്.

നല്ലൊരു ശതമാനം എം.എൽ.എമാരുടെ പിന്തുണയുണ്ടെന്നതാണ് കെ.സി. വേണുഗോപാലിന്റെ മേൽക്കൈ. മുസ്ലിം ലീഗ് ഉൾപ്പെടെ പല യു.ഡി.എഫ് ഘടകകക്ഷികളും വി.ഡി.സതീശന് അനുകൂല നിലപാട് എടുത്തിട്ടുണ്ട്. ഈ രണ്ടു നേതാക്കളെക്കാൾ പാർട്ടി സീനിയോറിറ്റിയുള്ള രമേശ് ചെന്നിത്തല,​ 2021ൽ ഭൂരിപക്ഷം എം.എൽ.എമാരും തന്നെ പിന്തുണച്ചിട്ടും പ്രതിപക്ഷ നേതാവാക്കാതിരുന്ന സംഭവം കൂടി ഓർമ്മപ്പെടുത്തുന്നു.

എ.ഐ.സി.സി നിരീക്ഷകർ കോൺഗ്രസ് എം.എൽ.എമാരുടെ അഭിപ്രായം ആരാഞ്ഞ് കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് നൽകും. ഇതിന്റെയും കേരളത്തിലെ മുതിർന്ന നേതാക്കളുടെ അഭിപ്രായത്തിന്റെയും അടിസ്ഥാനത്തിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കും. രണ്ട് ദിവസത്തിനുള്ളിൽ തീരുമാനം പ്രഖ്യാപിച്ച് മേയ് 10നുമുമ്പ് സത്യപ്രതിജ്ഞ നടത്താനാണ് നീക്കം.

കെ.പി.സി.സി മുൻ പ്രസിഡന്റ് കെ.സുധാകരൻ ഇന്നലെ കെ.മുരളീധരനുമായി കൂടിക്കാഴ്ച നടത്തി. കെ.സിക്ക് പിന്തുണ തേടിയാണ് മുരളിയെ കണ്ടതെന്നാണ് സൂചന. രാഹുൽ ഗാന്ധിയുമായി ഏറെ അടുപ്പമുള്ള നേതാവാണ് സംഘടനാചുമതലയുള്ള കെ.സി. വേണുഗോപാൽ. അദ്ദേഹം മുഖ്യമന്ത്രി പദത്തിന് താത്പര്യം കാട്ടിയാൽ രാഹുൽ നോ പറയുമോ എന്നത് പ്രധാനമാണ്.

കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷിക്കാവട്ടെ, യു.ഡി.എഫിനെ ഏകോപിപ്പിച്ച് വൻ വിജയത്തിലേക്ക് എത്തിക്കാൻ മുന്നിൽനിന്നു പ്രവർത്തിച്ച വി.ഡി.സതീശന്റെ സംഘടനാപാടവത്തിൽ വലിയ മതിപ്പുണ്ട്. 2021ൽ പ്രതിപക്ഷ നേതൃസ്ഥാനം നിഷേധിക്കപ്പെട്ടപ്പോൾ സോണിയാഗാന്ധി നൽകിയ ഉറപ്പാണ് ചെന്നിത്തലയുടെ ബലം. ചെന്നിത്തല ഇന്ന് ഡൽഹിയിലേക്ക് പോകുന്നുണ്ട്. അതിനിടെ,​ ഉജ്ജ്വല വിജയം നേടിയശേഷം ഇന്നലെ വൈകിട്ട് കൊച്ചിയിലെത്തിയ വി.ഡി.സതീശന് മുഖ്യമന്ത്രീ നേതാവേ... എന്ന വിളികളോടെ ആവേശ സ്വീകരണമാണ് അണികൾ നൽകിയത്.

സാദ്ധ്യതകളും പ്രതിബന്ധവും

1. മുന്നിൽനിന്നു തിരഞ്ഞെടുപ്പ് നയിച്ച രണ്ടു നേതാക്കളുള്ളപ്പോൾ, കെ.സി മുഖ്യമന്ത്രി പദത്തിലേക്ക് വന്നാൽ രണ്ട് ഉപതിരഞ്ഞെടുപ്പുകൾ വേണ്ടിവരും. അതിൽ ജനങ്ങൾ പരാജയപ്പെടുത്തിയാൽ, ഇപ്പോഴത്തെ വിജയത്തിന്റെ തിളക്കംപോലും നഷ്ടമാവും. നിയമസഭാതിരഞ്ഞെടുപ്പിൽ എം.പിമാർ മത്സരിക്കേണ്ടെന്ന തീരുമാനം എടുത്തിട്ട് അതുലംഘിക്കുന്നതും ആക്ഷേപത്തിനിടയാക്കും.

2. വേണുഗോപാൽ പിൻമാറിയാൽ അദ്ദേഹത്തിനു കൂടി സ്വീകാര്യനാവുന്ന ആളെ പരിഗണിക്കാൻ സാദ്ധ്യത. അങ്ങനെയെങ്കിൽ രമേശ് ചെന്നിത്തലയ്ക്കാണ് മുൻതൂക്കം. സതീശന് സുപ്രധാന വകുപ്പും ഉറപ്പാക്കും. പക്ഷേ, സതീശൻ വഴങ്ങുമോ എന്നത് പ്രശ്നമാവും. എം.എൽ.എമാരുടെ പിന്തുണ മാത്രം നോക്കിയാൽ പോരെന്ന അഭിപ്രായം സതീശൻ പ്രകടിപ്പിച്ചിട്ടുണ്ട്.

3. സതീശനെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചാൽ, അദ്ദേഹത്തിന് കീഴിൽ മന്ത്രിയാവാൻ ചെന്നിത്തല തയ്യാറാവുമോയെന്ന് കണ്ടറിയണം. മുതിർന്ന നേതാവിനെ ഒഴിവാക്കുന്നത് ജനങ്ങളിലും നീരസം ഉളവാക്കും. രമേശ് ചെന്നിത്തലയ്ക്കുമുണ്ട് വലിയൊരു കൂട്ടം എം.എൽ.എമാരുടെ പിന്തുണ. സീനിയോറിറ്റിക്ക് പ്രഥമ പരിഗണന കിട്ടുമെന്ന് ചെന്നിത്തല ഇന്നലെ മാദ്ധ്യമങ്ങളോട് പറയുകയും ചെയ്തു.

ഡൽഹിയിലും ചർച്ച

കേരളത്തിലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് പ്രാഥമിക ചർച്ചകൾക്ക് എ.ഐ.സി.സിയും തുടക്കമിട്ടു. ഇന്നലെ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ വസതിയിൽ നടന്ന ചർച്ചയിൽ രാഹുൽ ഗാന്ധിയും കെ.സി.വേണുഗോപാലും ജയ്‌റാം രമേശും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA