
മുൻസർക്കാരിന്റെ പദ്ധതി വിശദീകരിച്ച് ഉദ്യോഗസ്ഥർ
തിരുവനന്തപുരം : പാലക്കാടുള്ള വേസ്റ്റ് എനർജി പ്ലാന്റ് കാര്യക്ഷമാണെന്നും കമ്മിഷന് സജ്ജമാണെന്നും വിശദീകരിച്ച ഉദ്യോഗസ്ഥരോട് വൈദ്യുതി എവിടെയെന്ന് മന്ത്രി തിരിച്ചുചോദിച്ചപ്പോൾ ഉത്തരം മുട്ടി. ഇന്നലെ തദ്ദേശവകുപ്പിന്റെ ഉദ്യോഗസ്ഥതല യോഗത്തിലായിരുന്നു സംഭവം.
മന്ത്രി കെ.എം.ഷാജി ചുമതലയേറ്റ ശേഷം ആദ്യമായി ചേർന്ന യോഗത്തിലാണ് ഉദ്യോഗസ്ഥർ മുൻകാല പ്രവർത്തനം വിശദീകരിച്ചത്. എത്ര വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ടെന്നായിരുന്നു മന്ത്രിയുടെ ചോദ്യം. അതിനുള്ള അത്രയും വേസ്റ്റ് ലഭിക്കുന്നില്ലെന്നായി ഉദ്യോഗസ്ഥർ. അങ്ങനെയെങ്കിൽ മലപ്പുറത്തെ മാലിന്യം കൂടി അവിടേക്ക് എത്തിക്കാമെന്നായി മന്ത്രി. ഇതോടെ അത്രയും ശേഷി പ്ലാന്റിനില്ലെന്ന് ഉദ്യോഗസ്ഥർ മലക്കം മറിഞ്ഞു. ഇന്നലെ തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന യോഗത്തിലാണ് മന്ത്രി സംശയം ഉന്നയിച്ചത്. മറ്റുസംസ്ഥാനങ്ങളിൽ ഈ പദ്ധതി ഫലപ്രദമല്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു. കിലയിലെ (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ) പ്രവർത്തനം വിശദീകരിക്കവേ, അവിടെ നൽകുന്ന പരിശീലന കോഴ്സുകൾ വിജയകരമാണെന്ന് ഉദ്യോഗസ്ഥർ പരാമർശിച്ചു. കോഴ്സുകൾ കാലാനുസൃതമാണോയെന്ന മന്ത്രിയുടെ ചോദ്യം ഉദ്യോഗസ്ഥരുടെ ഉത്തരം മുട്ടിച്ചു.
ലൈഫ് മിഷൻ, അതിദാരിദ്ര്യം ഉൾപ്പെടെ മുൻ സർക്കാരിന്റെ പ്രവർത്തനങ്ങളും മികവുമാണ് തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായിരുന്ന ജെറോമിക് ജോർജ് അവതരിപ്പിച്ചത്. ഐ.എ.എസ് അഴിച്ചു പണിയുടെ ഭാഗമായി ജെറോമികിനെ മാറ്റിയെങ്കിലും കാര്യങ്ങൾ വിശദീകരിക്കാനാണെത്തിയത്. വിശദീകരണം കേട്ടിരുന്ന മന്ത്രി കാര്യമായി പ്രതികരിച്ചില്ല. സംസ്ഥാനത്തെ നഗര തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാരിന്റെ പദ്ധതി വിഹിതം നൽകേണ്ടതില്ലെന്നും അത് പഞ്ചായത്തുകൾക്ക് നൽകണമെന്നുമുള്ള ധനകാര്യകമ്മിഷന്റെ ശുപാർശ മുഖ്യമന്ത്രിതലത്തിലാണെന്നും ഉദ്യോഗസ്ഥർ മന്ത്രിയോട് പറഞ്ഞു. തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റ്, കില, ഐ.കെ.എം തുടങ്ങിയ വിവിധ ഓഫീസുകളിലെ ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |