
കൊച്ചി: 'രക്ഷാപ്രവർത്തന" കേസിൻ്റെ പേരിലുള്ള സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഡി.ജി.പി എം.ആർ. അജിത്കുമാർ നൽകിയ ഹർജിയിലെ വാദങ്ങൾ നിഷേധിച്ച് സർക്കാർ. എസ്.ഐ.ടിയുടെ ഗൗരവമേറിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് സസ്പെൻഷനെന്നും ഹർജി തള്ളണമെന്നും കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു.
നവകേരള യാത്രയ്‌ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നാരോപിച്ചായിരുന്നു അജിത്കുമാറിൻ്റെ സസ്‌പെൻഷൻ. തെളിവില്ലെന്ന് കോടതിയിൽ റഫർ റിപ്പോർട്ട് സമർപ്പിക്കാനും മൊഴി തിരുത്താനും പൊലീസ് ഉദ്യോഗസ്ഥരിൽ എ.ഡി.ജി.പി സമ്മർദ്ദം ചെലുത്തിയെന്ന് എസ്.ഐ.ടി റിപ്പോർട്ടിലുണ്ട്. അധികാര ദുർവിനിയോഗവും ഇടപെടലുമുണ്ടായി. സസ്പെൻഷൻ ശിക്ഷാ നടപടിയല്ല, വകുപ്പുതല അന്വേഷണം സ്വതന്ത്രമായി നടത്താനാണ്. ഡി.ജി.പിയായുള്ള സ്ഥാനക്കയറ്റം തടയാനാണ് നടപടിയെടുത്തതെന്ന ഹർജിക്കാരന്റെ വാദത്തിനും അടിസ്ഥാനമില്ലെന്ന് സർക്കാർ വിശദീകരിച്ചു. മേയ് മുതൽ നടത്തിയ അന്വേഷണങ്ങളുടെയും റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലായിരുന്നു ജൂലായ് 24ലെ സസ്പെൻഷൻ ഉത്തരവ്. മികച്ച സേവന റെക്കാഡുകൾ ഉണ്ടെന്നത് അച്ചടക്ക നടപടികളിൽ നിന്ന് ഒഴിവാകാനുള്ള കാരണമല്ല. എ.ഡി.ജി.പിയുടെ ഹർജിയിൽ ട്രൈബ്യൂണൽ സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു. സെപ്തംബർ മൂന്നിന് വീണ്ടും പരിഗണിക്കും.
മുഖ്യമന്ത്രിയുടെ ഒപ്പ് നിർബന്ധമല്ല
സസ്‌പെൻഷൻ ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പുവച്ചില്ലെന്ന അജിത്കുമാറിന്റെ വാദവും സർക്കാർ തള്ളി. ഒപ്പിടാൻ ചീഫ് സെക്രട്ടറിക്ക് അധികാരമുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമെന്ന് വ്യാഖ്യാനിക്കാനാകില്ല. നടപടി ചോദ്യം ചെയ്യണമെങ്കിൽ സർവീസ് ചട്ടങ്ങൾ പ്രകാരം ആദ്യം കേന്ദ്രസർക്കാരിനെയാണ് സമീപിക്കേണ്ടിയിരുന്നത്. നടപടി രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണം ശരിയല്ല. ചട്ടങ്ങൾ പാലിച്ചാണ് നടപടി. സസ്‌പെൻഷനു മുമ്പ് ഹർജിക്കാരനോട് വിശദീകരണം തേടിയിരുന്നെങ്കിലും മറുപടി തൃപ്തികരമായില്ല. അജിത്കുമാർ ബെവ്കോ സി.എം.ഡി ആണെങ്കിലും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ സാക്ഷികളെ സ്വാധീനിക്കാൻ സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലും സസ്പെൻഷന് കാരണമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |