SignIn
Kerala Kaumudi Online
Sunday, 11 October 2026 10.41 PM IST

ആലപ്പുഴയിൽ നിന്നൊരു അയ്യപ്പ ഗായകൻ

alleppy-ranganath

 ഗാനരചയിതാവ് ആർ.കെ.ദാമോദരൻ ആലപ്പി രംഗനാഥിനെ അനുസ്മരിക്കുന്നു

കൊച്ചി: 'സ്വാമി സംഗീതമാലപിക്കും, താപസ ഗായകനല്ലോ ഞാൻ' എന്ന പ്രശസ്തമായ ഗാനത്തിന്റെ രചനയും സംഗീതവും നിർവഹിച്ചത് ആലപ്പി രംഗനാഥാണ്. ജനകീയമായ രണ്ട് അയ്യപ്പഗാനങ്ങളുള്ളതിൽ ഒരെണ്ണം 'ഹരിവരാസനം വിശ്വമോഹനം' ആണ്. അത് ആലപ്പുഴ പുറക്കാട്ട് കോന്നകത്ത് ജാനകിയമ്മ എഴുതിയതാണ്. ഈ ഗാനത്തെ മറികടക്കുന്ന വരികൾ എഴുതാൻ ആർക്കും കഴിഞ്ഞിട്ടില്ല. ഭക്തമനസുകളിൽ കുടിയേറിയിരിക്കുന്നതും ശബരിമല അയ്യപ്പസ്വാമി നിത്യം കേട്ടുറങ്ങുന്നതുമായ ഏക ഭക്തിഗാനമാണ് ഹരിവരാസനം. രണ്ടാമത്തെ ഏറ്റവും ജനകീയമായ 'സ്വാമി സംഗീതവും' ഒരു ആലപ്പുഴക്കാരന്റേതാണ്. അതാണ് ആലപ്പി രംഗനാഥ്. ആ ഗാനരചന നിർവഹിച്ച സംഗീതജ്ഞന്റെ ജന്മനിയോഗം പോലെ തന്നെ മരണനിയോഗവും അയ്യപ്പന്റെ ഹരിവരാസന പുരസ്കാരം സ്വീകരിച്ചുകൊണ്ടാണെന്നത് അത്ഭുതപ്പെടുത്തുന്നു. അയ്യപ്പന്റെ താപസ സംഗീതജ്ഞനായി തന്നെ ജീവിക്കാനും മരിക്കാനുമുള്ള നിയോഗമായിരുന്നു അദ്ദേഹത്തി​ന്റേത്.

പുരസ്കാരലബ്ധിയിൽ അഭിനന്ദിക്കാനായി ഫോണിൽ വിളിച്ചപ്പോൾ അദ്ദേഹം വളരെ സന്തുഷ്‌ടനായിരുന്നു. "എനിക്ക് താങ്കളോട് അസൂയ തോന്നുന്നു. ഏറ്റവും കൂടുതൽ അയ്യപ്പഗാനങ്ങൾ തരംഗിണി ഉൾപ്പടെയുള്ള കമ്പനികൾക്ക് വേണ്ടി രചിച്ച എനിക്കോ അതിന് സംഗീതം നൽകിയ ടി.എസ്.രാധാകൃഷ്ണനോ അയ്യപ്പസ്വാമിയുടെ പ്രസാദപുരസ്കാരം ലഭിക്കാനുള്ള സുകൃതം ഉണ്ടായിട്ടില്ല. ഇളയരാജയ്ക്കും പി.സുശീലയ്ക്കും ചിത്രയ്ക്കും ലഭിക്കുന്നതിന് മുമ്പേ താങ്കൾക്ക് ഇത് കിട്ടേണ്ടതായിരുന്നു. ഇപ്പോഴെങ്കിലും ലഭിച്ചതിന് സ്വാമി പാദത്തിലും അങ്ങയുടെ പാദത്തിലും ഞാൻ നമസ്കരിക്കുന്നുവെന്ന് "പറഞ്ഞപ്പോൾ അങ്ങയുടെ ഒരു വരി അയ്യപ്പഗാനത്തിന് സംഗീതം ചെയ്യാനുള്ള ഭാഗ്യം അയ്യപ്പസ്വാമി എനിക്ക് തന്നില്ലല്ലോ എന്ന സങ്കടം അവശേഷിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 1986ൽ പുറത്തിറങ്ങിയ 'പപ്പൻ പ്രിയപ്പെട്ട പപ്പൻ' എന്ന ചിത്രത്തിന് വേണ്ടി ഞാൻ രചിച്ച "കാലനില്ലാ കാലത്തൊരു തള്ള" എന്ന കോമഡി ഗാനത്തിന് അദ്ദേഹം സംഗീതം നൽകിയകാര്യം ഞാൻ ഓർമ്മിപ്പിച്ചു. നേരിൽ കാണാമെന്ന് പറഞ്ഞ് ഫോൺ സംഭാഷണം അവസാനിപ്പിച്ചു. ദിവസവും കാലനുള്ള കൊവിഡ് കാലത്ത് അദ്ദേഹത്തിന്റെ മരണവും സംഭവിച്ചു.

പി.ജയചന്ദ്രൻ പാടിയ ഓശാന...ഓശാന, എലിക്കൂട്ടം പൊറുക്കുന്ന പഴന്തട്ടിൻ പുറത്തെങ്ങോ എന്ന കുട്ടികളുടെ ഗാനം, ഒ.എൻ.വിയുടെ നാലു മണിപ്പൂവേ എന്ന ലളിതഗാനം... ആലപ്പി രംഗനാഥിന്റെ പ്രതിഭ തെളിയിക്കാൻ ഈ മൂന്ന് ഗാനങ്ങൾ മാത്രം മതി.

നൃത്തം, സംഗീതം, നാടകം, അഭിനയം, മൃദംഗം തുടങ്ങി വിവിധ കലകളിൽ മികവ് തെളിയിച്ച അദ്ദേഹം മലയാളഭാഷാ പണ്ഡിതൻ കൂടിയായിരുന്നു. ഇതറിയാവുന്ന ഗാനഗന്ധർവൻ തരംഗിണിയിൽ സ്ക്രിപ്‌റ്റ് സ്ക്രൂട്ടനൈസിംഗ് ഓഫീസർ എന്ന ചുമതല രംഗനാഥിനെ ധൈര്യപൂർവം ഏല്പിച്ചു.

കഴിഞ്ഞ രണ്ടു വർഷമായി സംഗീതത്തെക്കുറിച്ചുള്ള ഗവേഷണത്തിലായിരുന്നു അദ്ദേഹം. ആ ദൗത്യം പൂർത്തിയായിരുന്നെങ്കിൽ മലയാളത്തിന് ശാസ്ത്രീയ സംഗീതത്തിന്റെ പ്രൗഢി​യും ഗാംഭീര്യവുമുള്ള മഹാസംഗീതജ്ഞനെ ലഭിക്കുമായിരുന്നു. അത് നഷ്ടമായതിൽ അതിയായ സങ്കടമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RKD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA