കൊച്ചി: വീട്ടുമുറ്റത്തു ഒരു ജോഡി ബ്രഹ്മ ഉണ്ടെങ്കിൽ നല്ല വരുമാനം നേടാം. പാദങ്ങളിൽ വരെ തൂവലോടെ, അഴകേറിയ വിദേശയിനം അലങ്കാര കോഴികളാണിവ. ജന്മദേശം അമേരിക്കയാണെന്നും ചൈനയാണെന്നും അവകാശവാദങ്ങൾ ഉണ്ടെങ്കിലും കേരളത്തിന്റെ കാലാവസ്ഥയും ഭൂപ്രകൃതിയുമായി നന്നായി ഇണങ്ങും. മുറ്റത്ത് അഴിച്ചുവിട്ട് വളർത്താം. അരിയും ഗോതമ്പും ചെലവ് കുറഞ്ഞ നാടൻ തീറ്റകളും മതി.
സാധാരണ അലങ്കാര കോഴികളെ കൂട്ടിലിട്ട് പരിപാലിക്കണം. കാഴ്ചയ്‌ക്കപ്പുറം യാതൊരു പ്രയോജനവും ഇല്ല. എന്നാൽ ബ്രഹ്മ 3-4 കിലോ വരെ തൂക്കം വയ്‌ക്കും. ഇറച്ചി ഭക്ഷ്യയോഗ്യവുമാണ്. പ്രതിവർഷം ശരാശരി 200 മുട്ട വരെ ഇടും. മുട്ട ഒന്നിന് 100 രൂപ മുതൽ മുകളിലേക്കാണ് വില. കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാനായി ഹാച്ചറികളാണ് വലിയ വില നൽകി മുട്ട വാങ്ങുന്നത്. ഒരാഴ്ച പ്രായമായ ബ്രഹ്മ കുഞ്ഞുങ്ങൾക്ക് 450- 500 രൂപ വിലയുണ്ട്. മുട്ടയിടാൻ പ്രായമായാൽ ഇത് ആയിരങ്ങളാകും.
ഒന്നര പതിറ്റാണ്ടു മുമ്പാണ് ബ്രഹ്മ കേരളത്തിൽ എത്തിയത്. തുടക്കത്തിൽ ജോഡിക്ക് 65,000 രൂപ വരെ വിലയുണ്ടായിരുന്നു. വ്യാപകമായതോടെ ശരാശരി വില 5000 ആയി. എങ്കിലും ഭംഗി കൂടുതലുള്ളതിന് മോഹവിലയാണ്. ഒരു പൂവനും നാലു പിടകളുമുള്ള യൂണിറ്റിൽ വർഷം 500 കുഞ്ഞുങ്ങളെ വരെ വിരിയിക്കാം. വീട്ടുമുറ്റത്ത് അടങ്ങിയൊതുങ്ങി കഴിയും എന്നതിനാൽ പരിപാലനവും എളുപ്പമാണ്.
ബ്രഹ്മ കോഴികൾ
വൈറ്റ്, കൊളമ്പ്യൻ, ബഫ്, ലെമൺ പൈൽ, ബ്ലൂ തുടങ്ങി ബ്രഹ്മയിൽ തന്നെ നിരവധി ഇനങ്ങളുണ്ട്. അഴകും ആദായവുമാണ് വേണ്ടതെങ്കിൽ ബഫ് ബ്രഹ്മയാണ് കേമൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |