
കൊച്ചി: കളമശേരി കൂട്ടമാനഭംഗക്കേസ് അന്വേഷണം കൊച്ചിയിലെയും സമീപത്തെയും അനധികൃത സ്പാകളിലേക്കും വ്യാപിപ്പിക്കും. കേസിൽ മുഖ്യപ്രതിയായ ആലപ്പുഴ സ്വദേശി ശ്രീരാജ് ഇത്തരം സ്പാകളിലേക്ക് ജോലിക്കായി യുവതികളെ എത്തിച്ചിരുന്നു. ഇവരിൽ പലരെയും ഇയാൾ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നും വ്യക്തമായി.
ചൂഷണത്തിനിരയായ നിരവധി യുവതികളെ പൊലീസ് കണ്ടെത്തി. പലരും ദുരനുഭവങ്ങൾ വിവരിച്ച് പൊലീസിന് മുന്നിൽ പൊട്ടിക്കരഞ്ഞു. ഇവർക്ക് പൊലീസ് സംരക്ഷണം നൽകും. പ്രതിയുടെ ഗുണ്ടാബന്ധം പേടിച്ചാണ് പലരും പരാതിപ്പെടാത്തത്. ചൂഷണത്തിനിരയായ മുഴുവൻ പെൺകുട്ടികളെയും കണ്ടെത്തി തുടർനടപടി ശക്തമാക്കും. വരും ദിവസങ്ങളിൽ ശ്രീരാജിനെതിരെ കൂടുതൽ പരാതികൾ ലഭിച്ചേക്കും.
ശ്രീരാജ് നേരിട്ടും അല്ലാതെയും നിരവധി സ്പാകൾ നഗരത്തിൽ നടത്തിയിരുന്നു. ആസൂത്രിതമായാണ് ഇയാൾ കൃത്യം നടത്തിയിരുന്നത്. യുവതികളെ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി രാസലഹരിയും മദ്യവും നൽകി പീഡിപ്പിക്കും. തുടർന്ന് ദൃശ്യങ്ങൾ പകർത്തി കെണിയിൽപ്പെടുത്തുന്ന യുവതികളെ ഭീഷണിപ്പെടുത്തി ഒപ്പം നിറുത്തും.
സി.സി ടിവി ദൃശ്യം മുക്കി
തെളിവുനശിപ്പിക്കാൻ പ്രതികൾ ശ്രമിച്ചെന്ന് പൊലീസിന് സംശയമുണ്ട്. കൂട്ടമാനഭംഗത്തിനിരയായ യുവതി എത്തിയ ലോഡ്ജിലെ സി.സി ടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടില്ല. ഇത് നശിപ്പിച്ചെന്നാണ് കരുതുന്നത്. ശ്രീരാജിന്റെ ബന്ധുക്കളെന്ന് അവകാശപ്പെട്ട് യുവതിയെ ആശുപത്രിയിൽ സന്ദർശിച്ച സ്ത്രീകളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |