
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഹോമിയോ ആശുപത്രികളിൽ ചികിത്സയ്ക്കെത്തിയാൽ കുറിപ്പടികിട്ടുമെങ്കിലും മരുന്നില്ല. മരുന്ന് വേണമെങ്കിൽ വൻവിലകൊടുത്ത് പുറത്തുനിന്ന് വാങ്ങണം. ആലപ്പുഴയിലെ കേരള സ്റ്റേറ്റ് ഹോമിയോപതിക് കോഓപ്പറേറ്റീവ് ഫാർമസി ലിമിറ്റഡാണ് (ഹോംകോ)സർക്കാർ ഹോമിയോ ആശുപത്രികൾക്ക് മരുന്ന് വിതരണം ചെയ്യുന്നത്. എന്നാൽ ആവശ്യമായ മരുന്നുകൾക്ക് മുൻകൂർ പണമടച്ചാലും യഥാസമയം കിട്ടാത്തതാണ് മരുന്ന് ക്ഷാമത്തിന് കാരണം. പ്രമേഹം, രക്തസമ്മർദ്ദം, വന്ധ്യതാചികിത്സ തുടങ്ങിയവയ്ക്കുള്ള പല മരുന്നുകളും ആശുപത്രികളിൽ ലഭ്യമല്ല. ഹോമിയോ വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ 34 ആശുപത്രികളും 700ൽ അധികം ഡിസ്പെൻസറികളുമാണുള്ളത്. ഇതിന് പുറമേ എൻ.എച്ച്.എം ഡിസ്പെൻസറികളും പ്രവർത്തിക്കുന്നുണ്ട്. ഇവിടെയെല്ലാം സ്ഥിതി ഇതുതന്നെയാണ്. പനിയടക്കമുള്ള പകർച്ച വ്യാധികൾക്കുള്ള മരുന്നുകൾ മാത്രമാണ് നിലവിൽ സ്‌റ്റോക്കുള്ളത്. ചിലയിടങ്ങളിൽ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ലോക്കൽ പർച്ചേസ് വഴി മരുന്ന് വാങ്ങി പ്രതിസന്ധി ഒഴിവാക്കുന്നുണ്ടെങ്കിലും എല്ലാ മരുന്നുകളും ഇത്തരത്തിൽ വാങ്ങുന്നത് പ്രയോഗികമല്ല. ഹോംകോയിൽ ഉത്പാദനം വർദ്ധിപ്പിക്കുന്നതടമുള്ള ക്രമീകരണങ്ങളുണ്ടാകണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
കാലാവധി കഴിഞ്ഞവ കെട്ടിക്കിടക്കുന്നു
ആവശ്യമുള്ള മരുന്നുകൾക്ക് ക്ഷാമം നേരിടുമ്പോൾ കാലാവധി കഴിഞ്ഞവ ആശുപത്രികളിൽ കെട്ടിക്കിടക്കുകയാണ്. 8 വർഷം വരെ പഴക്കമുള്ള മരുന്നുകളും ഇക്കൂട്ടത്തിലുണ്ട്. സ്പിരിറ്റിന്റെ അംശമുള്ളവ തീപിടിത്ത സാദ്ധ്യതയും കൂട്ടുന്നു. കാലാവധി കഴിഞ്ഞവ എങ്ങനെ നശിപ്പിക്കണമെന്ന മാർഗരേഖയില്ലാത്തതാണ് പ്രശ്‌നം. മരുന്നുകളും ആശുപത്രി മാലിന്യങ്ങളും സംസ്‌കരിക്കുന്ന ഇൻസിനറേറ്ററുകളടക്കമുള്ള സംവിധാനം ഐ.എം.എയുടെ നേതൃത്വത്തിൽ പാലക്കാട് പ്രവർത്തിക്കുന്നുണ്ട്. മരുന്നുകൾ ഇത്തരത്തിൽ നശിപ്പിക്കുന്നതിനുള്ള നിർദ്ദേശം സർക്കാർ തലത്തിലാണ് നൽകേണ്ടത്.
കാലാവധി കഴിഞ്ഞ മരുന്നുകൾ സൂക്ഷിക്കൽ വലിയ വെല്ലുവിളിയാണ്. മരുന്നുക്ഷാമവും പഴയ മരുന്നുകൾ നശിപ്പിക്കലും സംബന്ധിച്ച് വകുപ്പ് ഡയറക്ടർക്ക് പലവട്ടം നിവേദനങ്ങൾ നൽകിയിട്ടുണ്ട്. ഇതിൽ ആരോഗ്യവകുപ്പിന്റെ ഇടപെടൽ പ്രതീക്ഷിക്കുന്നു.
കേരള ഗവ.ഹോമിയോ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ (കെ.ജി.എച്ച്.എം.ഒ.എ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |