തിരുവനന്തപുരം: ചെറിയ നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തിയാൽ പോലും വിശദ പരിശോധന. ഒടുവിൽ ആൻജിയോപ്ളാസ്റ്റി വേണമെന്ന് ഡോക്ടറുടെ നിർദ്ദേശം. പിന്നാലെ ഹൃദയത്തിലെ ബ്ളോക്ക് ഒഴിവാക്കാൻ സ്റ്റെന്റ് ഇട്ടേ മതിയാകൂ എന്ന പേടിപ്പിക്കലും. രോഗികൾക്ക് ഇതേക്കുറിച്ച് പിടിപാടില്ലാത്തതിനാൽ ഡോക്ടറുടെ നിർദ്ദേശത്തിനു വഴങ്ങും. ലക്ഷങ്ങളുടെ ചെലവ്. എന്നാൽ, ആൻജിയോപ്ലാസ്റ്റി ആവശ്യമില്ലാത്തവർക്കുപോലും ചെയ്യുന്നുവെന്ന മുഖ്യമന്ത്രി വി.ഡി.സതീശന്റെ കഴിഞ്ഞ ദിവസത്തെ പരാമർശം വലിയ ചർച്ചയ്ക്ക് വഴിയൊരുക്കുകയാണ്.
ഇതിനു പിന്നിൽ ആശുപത്രികളുടെ കച്ചവട താത്പര്യമാണെന്നാണ് ആക്ഷേപം. സ്റ്റെന്റ് ലോബിയും പിന്നിലുണ്ട്. 'ചികിത്സാ ബിസിനസിൽ' ഇരയാക്കപ്പെടുന്നത് രോഗികളും. സ്റ്റെന്റ് നിർമ്മാണ കമ്പനികൾ വലിയ ഓഫറുകൾ നൽകി ഡോക്ടർമാരെ പ്രേരിപ്പിക്കാറുണ്ടെന്നും ആരോപണമുണ്ട്. ഇതിന് വഴങ്ങുന്ന ഡോക്ടർമാർ ഗുരുതര പ്രശ്നങ്ങളില്ലാത്തവർക്കും സ്റ്റെന്റ് ഇടുന്നു.
ചില സ്വകാര്യ ആശുപത്രികൾ ആൻജിയോപ്ളാസ്റ്റി ഡോക്ടർമാർക്ക് ടാർഗറ്റും നിശ്ചയിട്ടുണ്ടത്രേ. അതോടെ ആവശ്യമില്ലാത്ത രോഗികളും ആൻജിയോപ്ലാസ്റ്റിന് വിധേയരാകുന്നു. മുഖ്യമന്ത്രിയുടെ പരാമർശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഡോക്ടർമാർ രംഗത്തെത്തി. മുഖ്യമന്ത്രി പറഞ്ഞത് സത്യമാണെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ഹൃദ്രോഗ വിഭാഗം മേധാവി ഡോ.ജി.രാജേഷ് തുറന്നടിച്ചു. ഐ.എം.എ വിയോജിച്ചു.
അര ലക്ഷത്തിലേറെ
ആൻജിയോപ്ലാസ്റ്റി
സംസ്ഥാനത്ത് ഒരു വർഷം അരലക്ഷത്തിലേറെ പേർക്ക് ആൻജിയോപ്ലാസ്റ്റി നടത്തുന്നുണ്ടെന്ന് ഇന്റർവെൻഷണൽ കാർഡിയോളജി കൗൺസിൽ ഓഫ് കേരളയുടെ റിപ്പോർട്ട്. 2025ൽ നടന്നത് 52,621 ആൻജിയോപ്ലാസ്റ്റി. ഇതിൽ അടിയന്തര സ്വഭാവത്തിൽ വേണ്ടിവന്നത് 32,722 മാത്രം. സംസ്ഥാനത്തെ 150ഓളം കാത്ത് ലാബുകളിൽ 88 എണ്ണത്തിൽ നിന്ന് മാത്രമുള്ള കണക്കാണിത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രതിമാസം 350വരെ ആൻജിയോപ്ലാസ്റ്റി ചെയ്യുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും അടിയന്തര സാഹചര്യത്തിൽ ചേയ്യേണ്ടിവരുന്നതാണെന്ന് ഡോക്ടർമാർ.
ചെലവ് അഞ്ചു ലക്ഷംവരെ
സ്റ്റെന്റിന് അരലക്ഷം
സ്വകാര്യ ആശുപത്രികളിൽ ആൻജിയോപ്ലാസ്റ്റിക്ക് ഒന്നര ലക്ഷംമുതൽ അഞ്ചുലക്ഷം വരെ ഈടാക്കാറുണ്ട്. സർക്കാർ ആശുപത്രികളിൽ 50,000-60,000 രൂപ (ചികിത്സായിളവ് ഇല്ലാത്തവർക്ക്). സ്റ്റെന്റിന് വില 10,000 മുതൽ 50,000 രൂപാവരെ. വിലകൂടിയ സ്റ്റെന്റാണ് ആശുപത്രികൾ പലതും അടിച്ചേൽപ്പിക്കുന്നത്.
''അനിവാര്യമായ രോഗികൾക്കു മാത്രമാണ് മെഡിക്കൽ കോളേജിൽ ആൻജിയോപ്ലാസ്റ്റി ചെയ്യുന്നത്.
-ഡോ.മാത്യു ഐപ്പ്,
കാർഡിയോളി വിഭാഗം മേധാവി,
തിരു. മെഡിക്കൽ കോളേജ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |