SignIn
Kerala Kaumudi Online
Thursday, 24 September 2026 1.18 AM IST

കരുവന്നൂർ ബാങ്കിൽ റെയ്ഡ്, 29 കള്ള ഇടപാടുകളുടെ വിവരങ്ങൾ കിട്ടി

bank

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ ക്രൈംബ്രാഞ്ച് അന്വേഷണസംഘം ഇന്നലെ നടത്തിയ റെയ്ഡിൽ 29 അനധികൃത ഇടപാടുകളുടെ വിവരം ലഭിച്ചു. ഇവ സൂക്ഷിച്ചിരുന്ന പ്രത്യേക ലോക്കറിൽ സ്വർണ നാണയങ്ങളും കണ്ടെത്തി. പിടിച്ചെടുത്ത രേഖകളിൽ പലതും വായ്പാത്തട്ടിപ്പ്, ബിനാമി ഇടപാട് എന്നിവയുമായി ബന്ധപ്പെട്ടുള്ളവയാണെന്നാണ് വിവരം. ഇക്കാര്യം അന്വേഷണസംഘം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

379 വായ്പകൾ കൃത്യമായ പേരോ വിലാസമോ ഇല്ലാതെ പാസാക്കി നൽകിയിട്ടുണ്ട്. ഇതിൽ കൂടുതലും 50 ലക്ഷം വീതവുമാണ്. ആധാരം പണയപ്പെടുത്തി ചെറിയ തുകയ്ക്ക് വായ്പ എടുത്തവരുടെ പണയ വസ്തുകളിൻമേൽ അവർ അറിയാതെ വൻ തുകയ്ക്ക് വീണ്ടും വായ്പ പാസാക്കുന്നതായിരുന്നു തട്ടിപ്പ് രീതി. ഇങ്ങനെയുള്ള 29 ആധാരങ്ങളും പ്രത്യേകം ലോക്കറിലാണ് സൂക്ഷിച്ചിരുന്നത്.

പ്രതികൾക്ക് വിവിധ ബാങ്കുകളിലായി ഏഴ് അക്കൗണ്ടുകൾ ഉണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഒട്ടേറെ ഭൂമിയിടപാടുകളും ഇവർ നടത്തി. തട്ടിപ്പുകളിലൂടെ സ്വരുക്കൂട്ടിയ പണം ബിനാമി പേരുകളിലാണ് പലരും നിക്ഷേപിച്ചത്. ഈ അക്കൗണ്ടുകൾ കണ്ടെത്തി മരവിപ്പിക്കാൻ നടപടി തുടങ്ങി.

കഴിഞ്ഞ ദിവസം നാല് പ്രതികൾ കസ്റ്റഡിയിലായെങ്കിലും ഇക്കാര്യവും അന്വേഷണസംഘം പുറത്തുവിടുന്നില്ല. ബാങ്കിലെ രേഖകളിൽ ക്രൈംബ്രാഞ്ച് സംഘത്തിന്റെ പരിശോധന തുടരും. പ്രതികളുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ തേക്കടിയിലെ റിസോർട്ടിനായി നടത്തിയ വൻകിട നിക്ഷേപത്തിന്റെ രേഖകൾ ഉൾപ്പെടെ കണ്ടെത്തിയതായും വിവരമുണ്ട്.

സ്വത്ത് കണ്ടുകെട്ടുന്നു

പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ നടപടി തുടങ്ങി. പ്രതികളുടെ പണയപ്പെടുത്തിയതും അല്ലാത്തതുമായ സ്വത്തു സംബന്ധിച്ച് പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കാൻ മൂന്ന് അസിസ്റ്റന്റ് രജിസ്ട്രാർമാരെ ചുമതലപ്പെടുത്തിയിരുന്നു. ഇവർ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചു. പ്രതികളിൽ ആരുടെയൊക്കെ, ഏതെല്ലാം സ്വത്തുക്കൾ കണ്ടുകെട്ടണമെന്ന നിർദേശമാണ് റിപ്പോർട്ടിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

മൂസ് പെറ്റിൽ നിക്ഷേപം പിൻവലിക്കാൻ തിരക്ക്

അതേസമയം, ഭരണസമിതി അംഗങ്ങളുടെ വീഴ്ചമൂലം 13 കോടിയുടെ നഷ്ടമുണ്ടായെന്ന് അസിസ്റ്റന്റ് രജിസ്ട്രാർ കണ്ടെത്തിയ തൃശൂർ മൂസ് പെറ്റ് സഹകരണ ബാങ്കിൽ പണം പിൻവലിക്കാൻ ഇടപാടുകാർ ഇന്നലെ കൂട്ടത്തോടെ എത്തിയെന്നറിയുന്നു. ഭൂമി വിലയെക്കാൾ കൂടുതൽ വായ്പാത്തുക നൽകിയെന്നാണ് കണ്ടെത്തൽ. എന്നാൽ, ബാങ്കിൽ പുതിയ ഭരണസമിതി വന്നശേഷം വായ്പാ തിരിച്ചടവ് വേഗത്തിലാക്കി പോരായ്മകൾ പരിഹരിച്ചെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BANKFRAUD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA