
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പുതിയ ജനറൽ സെക്രട്ടറിയായി കൊയ്യോട് പി.പി.ഉമർ മുസ്ലിയാരെ തിരഞ്ഞെടുത്തു. പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലേക്കാണിത്. സമസ്തയിലെ ലീഗനുകൂലികളും വിരുദ്ധരും തമ്മിൽ കടുത്ത ചേരിതിരിവ് നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഇരു വിഭാഗത്തിനും സ്വീകാര്യനെന്ന നിലയ്ക്കാണ് പണ്ഡിതനായ ഉമർ മുസ്ലിയാരെ കോഴിക്കോട്ട് ചേർന്ന മുശാവറ യോഗം നിയോഗിച്ചത്. ലീഗനുകൂല പക്ഷം ശക്തമായി ഉയർത്തിക്കാട്ടിയിരുന്ന എം.ടി.അബ്ദുള്ള മുസ്ലിയാരെ മറി കടന്നാണ് നിലവിലെ ട്രഷററായ കൊയ്യോട് ഉമർ മുസ്ലിയാർ ജനറൽ സെക്രട്ടറി സ്ഥാനത്തെത്തുന്നത്. അബ്ദുള്ള മുസ്ലിയാരെ ട്രഷററാക്കി. വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട് വിവാദ പരാമർശം നടത്തിയ മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിനെതിരെ നടപടി വേണമെന്ന് ലീഗനുകൂലികൾ ആവശ്യപ്പെട്ടെങ്കിലും മുശാവറ തയ്യാറായില്ല. ഉമർ ഫൈസിയിൽ നിന്ന് വിശദീകരണം കേട്ട ശേഷമായിരിക്കും വിഷയം പരിഗണിക്കുക. സമാനമായി ലീഗനുകൂലിയായ നാസർ ഫൈസി കൂടത്തായി അടക്കമുള്ള നേതാക്കൾക്കെതിരെ ഉയർന്ന പരാതികളിലും വിശദീകരണം ചോദിച്ച ശേഷമായിരിക്കും നടപടി. അടിയന്തര വിഷയങ്ങളിൽ തീരുമാനമെടുക്കാൻ ചരിത്രത്തിലാദ്യമായി ഏഴംഗ കൂടിയാലോചനാ സമിതി രൂപീകരിച്ചു. രണ്ടു മാസത്തിലൊരിക്കൽ മാത്രം ചേരുന്ന മുശാവറ യോഗങ്ങൾക്ക് കാത്തു നിൽക്കാതെ നിർണായക സന്ദർഭങ്ങളിൽ ഇടപടാനാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |