SignIn
Kerala Kaumudi Online
Saturday, 24 October 2026 12.40 AM IST

ബാങ്ക് ജോലി നേടാം, ചിട്ടയായ തയ്യാറെടുപ്പിലൂടെ

p

ആകർഷണീയമായ തൊഴിൽ, മികച്ച വേതനം എന്നിവ ബാങ്ക് ജോലിയുടെ പ്രത്യേകതകളാണ്. രാജ്യത്ത് 30000ത്തോളം യുവതീയുവാക്കളെയാണ് ബാങ്കിംഗ് മേഖലയിൽ ക്ലറിക്കൽ, ഓഫീസർ, സ്‌പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്ക്‌ പ്രതിവർഷം റിക്രൂട്ട് ചെയ്യുന്നത്.

ദേശസാത്കൃത ബാങ്കുകളിലേക്കും ഗ്രാമീണ ബാങ്കുകളിലേക്കുമുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ- IBPS റിക്രൂട്ട്മെന്റാണ് ഇതിൽ പ്രധാനം. കൂടാതെ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, സ്വകാര്യ ബാങ്കുകൾ, സഹകരണ ബാങ്കുകൾ എന്നിങ്ങനെ നാലിനം റിക്രൂട്ട്മെന്റ് പ്രക്രിയകളുമുണ്ട്. ഗവണ്മെന്റ് ഒഫ് ഇന്ത്യയുടെ ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള കേന്ദ്ര റിക്രൂട്ട്മെന്റ് ഏജൻസിയാണ് ഐ.ബി.പി.എസ്. മൂന്ന് തലങ്ങളിലായുള്ള റിക്രൂട്ട്മെന്റ് പ്രക്രിയയിൽ പ്രിലിമിനറി, മെയിൻ, ഇന്റർവ്യൂ എന്നിവ ഉൾപ്പെടും.

ബിരുദം അടിസ്ഥാന യോഗ്യത

.............................

ബാങ്കിംഗ് തൊഴിലിന് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത ബിരുദമാണ്. സ്‌പെഷ്യലിസ്റ്റ് കേഡറിൽ കൃഷി, വെറ്ററിനറി സയൻസ്, ഫിഷറീസ്, ഐ.ടി, നിയമം, അക്കൗണ്ടിംഗ് വിദഗ്ധരെ റിക്രൂട്ട് ചെയ്യും. ക്ലറിക്കൽ കേഡറിൽ അപേക്ഷിക്കാൻ 28-ഉം ഓഫീസർ തസ്തികയിലേക്ക് 30-32 വയസാണ് ഉയർന്ന പ്രായപരിധി. ഇത് ബാങ്കുകൾക്കനുസരിച്ചു വ്യത്യാസപ്പെട്ടിരിക്കും.

സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയ്ക്കും റിസർവ് ബാങ്ക് ഒഫ് ഇന്ത്യയ്ക്കും സംസ്ഥാനതല സഹകരണ ബാങ്കുകൾക്കും പ്രത്യേകം റിക്രൂട്ട്മെന്റ് ബോർഡുകളുണ്ട്.

ബാങ്കിംഗ് തൊഴിലുകളിൽ കൂടുതൽ റിക്രൂട്ട്മെന്റ് ക്ലറിക്കൽ കേഡറിലാണ്. ഓഫീസർ കേഡറിൽ ഗ്രേഡ് എ, ബി വിഭാഗങ്ങളുണ്ട്. സ്‌പെഷ്യലിസ്റ്റ് കേഡർ തൊഴിലിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

മികച്ച സ്‌കില്ലുകൾ കൈവരിക്കണം

...............................

ബാങ്കിംഗ് ജോലിക്കുള്ള ഹോം വർക്ക് ബിരുദ പഠന കാലയളവിൽ ആരംഭിക്കണം. പതിവായി ഒരു ഇംഗ്ലീഷ് പത്രവും മലയാളം പത്രവും വായിക്കണം. പൊതുവിജ്ഞാനം മെച്ചപ്പെടുത്തണം. പത്രങ്ങളിലെ ബാങ്കിംഗ്, സമ്പദ് വ്യവസ്ഥ, റിപ്പോനിരക്ക്, സെൻസെക്‌സ്, ബാങ്കിംഗ് ഉത്പന്നങ്ങൾ, ഇ ബാങ്കിംഗ്, ബാങ്കിംഗ് സോഫ്റ്റ്‌വെയറുകൾ, സാമ്പത്തിക നയം, സാമ്പത്തിക മാന്ദ്യം, ബഡ്ജറ്റ് എന്നിവയെക്കുറിച്ച് അറിഞ്ഞിരിക്കണം. മൊത്തം ആഭ്യന്തര ഉത്പാദനം, ഇക്കണോമിക് റിവ്യൂ എന്നിവ വായിച്ചിരിക്കണം. പത്രങ്ങളിലെ ധനകാര്യ പേജുകൾ നിർബന്ധമായും വായിക്കണം. ഒരു നോട്ട് ബുക്കിൽ പതിവായി കുറിപ്പുണ്ടാക്കണം.

കമ്പ്യൂട്ടർ പരിജ്ഞാനം മെച്ചപ്പെടുത്തണം. ഇത് ടൈം മാനേജ്മന്റ്, ലോജിക്കൽ, അനലിറ്റിക്കൽ റീസണിംഗ്, നൈപുണ്യം എന്നിവയെ സഹായിക്കും.

ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ആശയവിനിമയം മെച്ചപ്പെടുത്തണം. ഇംഗ്ലീഷ് ഗ്രാമറിലുള്ള പ്രാവീണ്യം ഇംഗ്ലീഷ് പേപ്പറിൽ മികച്ച മാർക്ക് നേടാൻ സഹായിക്കും. ഇന്റർ പേഴ്സണൽ കമ്മ്യൂണിക്കേഷനിലും മികവ് പുലർത്തണം. കുറഞ്ഞത് രണ്ടു കമ്പ്യൂട്ടർ ഭാഷയെങ്കിലും അറിഞ്ഞിരിക്കണം. സി ++, ജാവ ഔട്ട് റീച്ച്, പൈത്തൺ, ആർ എന്നിവ ഇവയിൽ ചിലതാണ്.

ആഡ് ഓൺ കോഴ്‌സുകൾ

.................................

ബിരുദപഠനത്തോടൊപ്പം മികച്ച ആഡ് ഓൺ കോഴ്‌സുകൾ ഓൺലൈനായി പഠിക്കാൻ ശ്രമിക്കണം. 6 മാസം വരെ കാലയളവുള്ള നിരവധി ഓൺലൈൻ ഹ്രസ്വകാല കോഴ്‌സുകളുണ്ട്. ഇവ ടെക്‌നോളജി എനേബിൾഡ് പ്ലാറ്റ്ഫോമുകളായ Coursera , EdX , Future Learn, Udemy തുടങ്ങിയവയിൽ ലഭ്യമാണ്.

ചിട്ടയോടെ തയ്യാറെടുക്കണം

........................

ബാങ്കിംഗ് പരീക്ഷയിൽ റീസണിംഗ്, ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് അഭിരുചി, കമ്പ്യൂട്ടർ പരിജ്ഞാനം, പൊതുവിജ്ഞാനം വിഭാഗങ്ങളിൽനിന്ന് ചോദ്യങ്ങളുണ്ടാകും. 10- 12 ക്ലാസ് നിലവാരമുള്ള ചോദ്യങ്ങളായിരിക്കും. ഇംഗ്ലീഷ് ഗ്രാമർ നന്നായി പഠിച്ചിരിക്കണം. റീസണിംഗിൽ പ്രോബ്ലം സോൾവിംഗ് സ്‌കില്ലിനു പ്രാധാന്യം നൽകണം. കണക്കിലുള്ള അറിവ് ക്വാണ്ടിറ്റേറ്റീവ് അഭിരുചിയിൽ മികച്ച സ്‌കോർ നേടാൻ ഉപകരിക്കും. പൊതുവിജ്ഞാനത്തിൽ സമ്പദ് വ്യവസ്ഥ, ഇക്കണോമിക്‌സ്, സാമ്പത്തിക ഉത്തേജന പാക്കേജ്, ബാങ്കിങ്, ഇൻഷ്വറൻസ് എന്നിവയെക്കുറിച്ച് അറിഞ്ഞിരിക്കണം.

റിക്രൂട്ട്മെന്റിൽ വിജയം നേടാൻ ചിട്ടയോടെയുള്ള തയ്യാറെടുപ്പ് ആവശ്യമാണ്. ഇതിനായി ഓൺലൈൻ, ഓഫ്‌ലൈൻ കോച്ചിംഗ് ലഭ്യമാണ്. മുൻവർഷങ്ങളിലെ പരമാവധി ചോദ്യങ്ങൾക്ക് നിശ്ചിത സമയത്തിനകം ഉത്തരം കണ്ടെത്താൻ ശ്രമിക്കണം. ടൈം മാനേജ്മെന്റ് പ്രധാനമാണ്. മലയാളികൾ കൂടുതലായി തഴയപ്പെടുന്നത് ഇന്റർവ്യൂവിലാണ്. പരമാവധി മോക്ക് ഇന്റർവ്യൂകളിൽ പങ്കെടുക്കണം. ഇന്റർവ്യൂവിന്റെ പ്രാഥമിക മര്യാദകൾ, ഡ്രസ്കോഡ് എന്നിവ വ്യക്തമായി മനസ്സിലാക്കണം.

അടുത്തയിടെ ബാങ്ക് ജോലിക്കപേക്ഷിക്കാൻ നിശ്ചിത സിബിൽ സ്‌കോർ വേണമെന്ന നിബന്ധന നിലവിലുണ്ട്. കുറഞ്ഞത് 650 എങ്കിലും സിബിൽ സ്‌കോറാണ് ഐ.ബി.പി.എസ് മാനദണ്ഡം. ക്രെഡിറ്റ് ഹിസ്റ്ററി എന്ന കോളം അപേക്ഷാ ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐ.ബി.പി.എസ് സെലക്ഷന് ശേഷം സർവീസിൽ പ്രവേശിക്കുന്നതിനു മുമ്പ് നിശ്ചിത സിബിൽ സ്‌കോറോ ബാധ്യതാരഹിത സർട്ടിഫിക്കറ്റോ ഹാജരാക്കണം. ഇത് പാലിക്കാത്തവരുടെ തൊഴിൽ നിയമന ഉത്തരവ് റദ്ദാക്കപ്പെടും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BANK JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA