SignIn
Kerala Kaumudi Online
Monday, 08 June 2026 1.41 PM IST

ബിനോയ് വിശ്വം, തിളയ്ക്കുന്ന യൗവനം

READ ENGLISH VERSION
binoy

തിരുവനന്തപുരം: എഴുപതുകളുടെ മദ്ധ്യത്തിൽ ഇടതുമനസുള്ള വിദ്യാർത്ഥി സമൂഹത്തെ എ.ഐ.എസ്.എഫ് എന്ന സംഘടനയിലേക്ക് വലിച്ചടുപ്പിക്കുന്ന കാന്തികശക്തിയായിരുന്നു ബിനോയ് വിശ്വം. വാക്കുകളുടെ ഉൾക്കരുത്തും അവതരണത്തിലെ പ്രസരിപ്പുമായിരുന്നു പ്രസംഗത്തിന്റെ മുഖമുദ്ര. സംഘടിതമായ പല വിദ്യാർത്ഥി മുന്നേറ്റങ്ങൾക്കും അന്ന് അമരക്കാരനായി നിന്നത് ബിനോയ് വിശ്വമെന്ന കൗമാരക്കാരനായിരുന്നു. 80 കളുടെ മദ്ധ്യത്തിൽ എ.ഐ.വൈ.എഫിന്റെ നേതൃനിരയിലെത്തിയപ്പോഴും കേരളത്തിലെ ഇടതുരാഷ്ട്രീയത്തിന്റെ പുഷ്ടിയുള്ള പിന്മുറക്കാരിലൊരാളായി ഈ യുവാവ് മാറുമെന്ന് മുതിർന്ന നേതാക്കൾക്ക് ബോദ്ധ്യമായിരുന്നു. ആ ബോദ്ധ്യത്തിന്റെ വളക്കൂറിലാണ് സി.പി.ഐ ദേശീയ എക്സിക്യുട്ടീവ് അംഗം എന്ന ചുമതലയിൽ വരെ ബിനോയ് വിശ്വം എത്തിയത്.

കേരളത്തിലെ യുവജനങ്ങൾ പാർട്ടിഭേദംപോലും മറന്ന് ഏറ്രെടുത്ത 'തൊഴിൽ അല്ലെങ്കിൽ ജയിൽ" എന്ന മുദ്രാവാക്യം ഇന്നും മനസിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്. തൊഴിലില്ലായ്മ വിദ്യാസമ്പന്നമായ യുവത്വത്തെ നോക്കി കൊഞ്ഞണം കുത്തിയിരുന്ന കാലത്താണ് അധികാര സ്ഥാനങ്ങളിൽ തങ്ങളുടെ ആവലാതി എത്തിക്കാൻ സമരം തുടങ്ങിയത്. എ.ഐ.വൈ.എഫിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന പന്ന്യൻ രവീന്ദ്രന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നിന്നും എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തിൽ ഇടുക്കിയിൽ നിന്നും തുടങ്ങിയ രണ്ട് ജാഥകൾ തിരുവനന്തപുരത്ത് സംഗമിച്ചതും പിന്നീട് അറസ്റ്ര് വരിച്ച് യുവജനങ്ങൾ ജയിലഴിക്കുള്ളിലായതും തിളയ്ക്കുന്ന ചരിത്രം.

മെഡിക്കൽ വിദ്യാഭ്യാസ രംഗത്തും പിന്നീട് എൻജിനിയറിംഗ് അടക്കമുള്ള ഉന്നത വിദ്യാഭ്യാസ രംഗത്തും പ്രവേശന പരീക്ഷ (എൻട്രൻസ് എക്സാം) നടപ്പിലാവാൻ കാരണമായതും മാർക്ക് തട്ടിപ്പിനെതിരെ എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് വിദ്യാർത്ഥി സംഘടനകൾ നടത്തിയ രക്തംചൊരിഞ്ഞ സമരപരമ്പരയായിരുന്നു. പൂജ്യം മാർക്ക് തിരുത്തി മെഡിക്കൽ പ്രവേശനത്തിന് ചില വിദ്യാർത്ഥികൾക്ക് ഉത്തരവാദപ്പെട്ടവർ ഒത്താശചെയ്ത സംഭവം സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് തന്നെ വരുത്തിയ കളങ്കം ചെറുതായിരുന്നില്ല. അന്ന് കേരള സർവകലാശാല വളപ്പിൽ പൊലീസിന്റെ കൊടിയ മർദ്ദനത്തിനാണ് ബിനോയ് ഉൾപ്പെടെയുള്ളവർ ഇരയായത്.

പരിസ്ഥിതിയെ ഇത്രയധികം പ്രണയിച്ച പൊതുപ്രവർത്തകർ അപൂർവം. പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി ബിനോയ് വിശ്വം നടത്തിയ ഇടപെടലുകൾ ഏറെയാണ്. 2006-ൽ വി.എസ്.അച്യുതാനന്ദൻ സർക്കാരിൽ മന്ത്രിസ്ഥാനത്തിന് നിയോഗിച്ചപ്പോൾ വനംവകുപ്പ് ഏറ്രെടുക്കാൻ താത്പര്യം കാട്ടിയതിന് മുഖ്യകാരണം പരിസ്ഥിതി സ്നേഹം തന്നെയായിരുന്നു. മന്ത്രിയായിരിക്കെ ഒരു രാത്രി ശാസ്തമംഗലം വഴി പോകുമ്പോൾ പാതയോരത്തെ മരങ്ങൾ മുറിച്ചുമാറ്റുന്നവരുമായി തർക്കത്തിലേർപ്പെട്ടതും തലസ്ഥാനം മറന്നിട്ടുണ്ടാവില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BINOY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA