
തൃശൂർ: ഒരോ വിഷയത്തിനും കേരള കലാമണ്ഡലത്തിൽ സ്വന്തം പുസ്തകങ്ങൾ. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എസ്.സി.ഇ.ആർ.ടിയുടെ നിർദ്ദേശപ്രകാരമാണ് ഇത്തരമൊരു ചരിത്രനീക്കം. റഫറൻസ് ഗ്രന്ഥങ്ങളിലൂടെയും, ഗുരുക്കന്മാരുടെ ഗുരുമുഖത്തുനിന്ന് കണ്ടും കേട്ടും പഠിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥികൾ ഇനി മുതൽ സ്വന്തം സ്ഥാപനത്തിന്റെ പുസ്തകങ്ങളുടെ സഹായത്തോടെ പഠിക്കാൻ തുടങ്ങും.
ഇതിനിടെ, ചരിത്രനീക്കം വിവാദത്തിലായി. സാധാരണ ഒന്നര മുതൽ മൂന്ന് വർഷം വരെയെടുത്ത് പഠനങ്ങളും ഗവേഷണങ്ങളും നടത്തി രൂപകൽപ്പന ചെയ്‌തെടുക്കുന്ന പുസ്തകങ്ങൾ കേവലം ഒന്നരമാസം കൊണ്ട് പൂർത്തിയാക്കണമെന്ന നിർദ്ദേശമാണ് ഒരു വിഭാഗം അദ്ധ്യാപകർ എതിർപ്പ് പ്രകടിപ്പിക്കാൻ കാരണം. എട്ട് മുതൽ പത്തു വരെയുള്ള വിദ്യാർത്ഥികൾക്കായാണ് ഗവേഷണമോ ട്രയൽ കോപ്പിയോ ഇല്ലാതെ പുസ്തകമിറക്കുന്നത്. എന്നാൽ ഏപ്രിലിൽ ആരംഭിച്ച യജ്ഞത്തിൽ, ഒന്നരമാസമെടുത്ത് 14 വിഷയങ്ങളിലായി 60 പുസ്തകങ്ങൾ തയ്യാറാക്കിയെന്നാണ് അധികൃതരുടെ വിശദീകരണം. ജൂൺ 15ന് പുറത്തിറക്കാനാണ് കലാമണ്ഡലത്തിന്റെ നീക്കം.
എന്തിനാണ് ഇത്ര തിടുക്കപ്പെട്ട് പുസ്തകം ഉണ്ടാക്കണമെന്ന് നിർബന്ധം പിടിക്കുന്നത്. കുട്ടികളുടെ ഭാവിയാണ് പ്രധാനമെങ്കിൽ സാവധാനം തയാറാക്കുകയല്ലേ വേണ്ടത്.
-അദ്ധ്യാപക പ്രതിനിധി
അദ്ധ്യാപകരെക്കൊണ്ട് പറഞ്ഞ സമയത്തിൽ ചെയ്യാനാകുമെന്ന് ഉറപ്പുള്ളതിനാലാണ് രണ്ടു മാസത്തിനുള്ളിൽ പുസ്തകങ്ങൾ അച്ചടിക്കണമെന്ന് നിശ്ചയിച്ചത്. മറിച്ചുള്ള ആരോപണങ്ങളിൽ കഴമ്പില്ല.
-ബി.അനന്തകൃഷ്ണൻ,വൈസ് ചാൻസലർ, കേരള കലാമണ്ഡലം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |