SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.17 AM IST

പോറ്റിയുടെ പരാതി, കടകംപള്ളിക്ക് എതിരായ അന്വേഷണം ഒഴിവാക്കാൻ നീക്കം, പ്രാഥമിക അന്വേഷണ തീരുമാനം അട്ടിമറിച്ചു

a

തിരുവനന്തപുരം: ഭൂമിയിടപാടു കേസിൽ കുടുക്കി തന്നെ വീണ്ടും ജയിലിലടയ്ക്കാൻ മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണൻപോറ്റി നൽകിയ പരാതിയിൽ അന്വേഷണം ഒഴിവാക്കാൻ നീക്കം. പ്രാഥമികാന്വേഷണം നടത്താനുള്ള തീരുമാനം അട്ടിമറിച്ച് പരാതി സ്വർണക്കൊള്ളക്കേസ് അന്വേഷിക്കുന്ന എസ്.ഐ.ടിക്ക് കൈമാറി.

ഹൈക്കോടതി നിർദ്ദേശപ്രകാരം സ്വർണക്കൊള്ള അന്വേഷിക്കുന്ന എസ്.ഐ.ടിക്ക് ഭൂമി, ഗൂഢാലോചന കേസുകൾ അന്വേഷിക്കാനാകില്ല. പോറ്റിയുടെ പരാതി അന്വേഷിക്കാൻ കഴിയില്ലെന്ന് എസ്.ഐ.ടി നിലപാട് എടുത്തതോടെ അന്വേഷണം നിലച്ച മട്ടാണ്. പോറ്റിയുടെ പരാതി പ്രാഥമികാന്വേഷണത്തിനായി ഡി.ജി.പി ആദ്യം തിരുവനന്തപുരം കമ്മിഷണർക്കാണ് കൈമാറിയത്. ആരോപണം ശരിയെന്നുകണ്ടാൽ കേസെടുക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ, പിന്നീട് ഇതെല്ലാം അട്ടിമറിച്ച് പരാതി എസ്.ഐ.ടിക്ക് കൈമാറുകയായിരുന്നു.

തന്നെ കേസിൽ കുടുക്കാൻ കഴക്കൂട്ടം സ്വദേശിനി പ്രതിഭയുമായി ചേർന്ന് കടകംപള്ളി ഗൂഢാലോചന നടത്തിയെന്നാണ് പോറ്റിയുടെ പരാതി. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് പ്രതിഭ തനിക്കെതിരെ പരാതി നൽകിയത് ഇതിനായിട്ടാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ, തനിക്ക് എം.എൽ.എയായ പ്രതിഭയെ മാത്രമേഅറിയാവൂ എന്നും മറ്റൊരു പ്രതിഭയേയും അറിയില്ലെന്നുമാണ് പോറ്റി പരാതി നൽകിയ സമയത്ത് കടകംപള്ളി പ്രതികരിച്ചത്.

പോറ്റിയുടെ പരാതി ഇങ്ങനെ

''2017ൽ നിയമപ്രകാരം പ്രതിഭയിൽനിന്നും താൻ 10 സെന്റ് സ്ഥലംവാങ്ങി. 2019ൽ ഇത് വിൽക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഈ സമയത്ത് പ്രതിഭയ്ക്ക് മൂന്നുകോടിയുടെ കടമുണ്ടായിരുന്നു. പണം ലഭിക്കാനുള്ളവർ പ്രതിഭയുടെ വീടിനുമുന്നിലെത്തി ബഹളമുണ്ടാക്കിയപ്പോൾ തുമ്പ പൊലീസ് സ്‌റ്റേഷനിൽ കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ സമവായ ചർച്ച നടന്നു. പ്രതിഭയെ സാമ്പത്തികമായി സഹായിക്കണമെന്ന് കടകംപള്ളി തന്നോട് ആവശ്യപ്പെട്ടു. താൻ ഇതു നിരാകരിച്ചു.

2024ൽ താൻ ഭൂമി മറ്റൊരാൾക്ക് വിറ്റു. ശബരിമലക്കേസിൽ കടകംപള്ളിയെ എസ്‌.ഐ.ടി ചോദ്യം ചെയ്തതിനു പിന്നാലെയാണ് തനിക്കെതിരെ പരാതി നൽകുന്നത്. തന്നെ കേസിൽ കുടുക്കാൻ വ്യക്തിപരമായി കടകംപള്ളിക്ക് ലക്ഷ്യമുണ്ട്. സ്വർണക്കൊള്ളക്കേസിലെ സെൻസേഷണൽ വിഷയങ്ങളിൽ കടകംപള്ളിക്കെതിരെ അന്വേഷണമുണ്ടായാൽ അതിൽനിന്നും ജനശ്രദ്ധ തിരിക്കാനും പ്രതിരോധിക്കാനും വേണ്ടിയായിരുന്നു പരാതി. തന്നെ സമ്മർദ്ദത്തിലാക്കാനും ആരോപണങ്ങൾ വ്യാജമായി കെട്ടിച്ചമയ്ക്കാനും കടകംപള്ളി പ്രതിഭയുമായി ചേർന്ന് ഗൂഢാലോചന നടത്തി.''

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA