
തിരുവനന്തപുരം: സ്കൂളുകളിൽ രണ്ടാഴ്ച കഴിഞ്ഞ് തുടങ്ങുന്ന ഓണപ്പരീക്ഷയുടെ ചോദ്യപ്പേപ്പർ യഥാസമയം ലഭിക്കില്ലെന്ന് ആശങ്ക. പരീക്ഷകൾ ഓഗസ്റ്റ് 12നാണ് തുടങ്ങേണ്ടത്. ഒന്ന് മുതൽ പത്തുവരെ ക്ളാസുകളിലേക്ക് ആവശ്യമായ ചോദ്യപ്പേപ്പറുകളുടെ കണക്കെടുപ്പ് നടത്തി അച്ചടിച്ച് എത്തിക്കാൻ ചുമതലയുള്ള
സമഗ്ര ശിക്ഷാ കേരളയുടെ പ്രവർത്തനം അവതാളത്തിലായതാണ് കാരണം.
ഓരോ സർക്കാരും ഡെപ്യൂട്ടേഷനിൽ സമഗ്രശിക്ഷാ കേരളയിൽ നിയമിക്കുന്ന അദ്ധ്യാപർക്കാണ് ഇതിന്റെ ചുമതല. കഴിഞ്ഞ സർക്കാർ നിയോഗിച്ച അദ്ധ്യാപകരെല്ലാം ഡെപ്യൂട്ടേഷൻ മതിയാക്കി സ്കൂളുകളിലേക്ക് മടങ്ങി. പുതിയ സർക്കാർ കാര്യമായ നിയമനം നടത്തിയതുമില്ല. സ്‌കൂളുകളിൽ നിന്ന് ചോദ്യപേപ്പറിന്റെ എണ്ണം ബ്‌ളോക്ക് റിസോഴ്സ് സെന്ററുകൾ വഴി ശേഖരിക്കണം. ഇത് ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർമാർ സംസ്ഥാന പ്രോഗ്രാം ഡയറക്ടർക്ക് കൈമാറണം. ഇതനുസരിച്ചാണ് എസ്.സി.ഇ.ആർ.ടി ചോദ്യപ്പേപ്പർ തയ്യാറാക്കുക. എസ്.എസ്.കെയും എസ്.സി.ഇ.ആർ.ടിയും ഉൾപ്പെടെയാണ് ചോദ്യപേപ്പറിലെ ഉള്ളടക്കം തീരുമാനിക്കുക. ചോദ്യപേപ്പർ തയ്യാറാക്കാനായി വർക്ക്‌ഷോപ്പ് നടത്തേണ്ട എസ്.സി.ഇ.ആർ.ടിയിൽ പുതിയ ഡയറക്ടർ ചുമതലയേറ്റെടുത്തിട്ടില്ല.
വീതം വയ്പിൽ കുഴഞ്ഞു
സ്‌കൂൾ തുറന്ന് രണ്ടുമാസം കഴിഞ്ഞിട്ടും 18 യു.ഡി.എഫ് അദ്ധ്യാപക സംഘടനകൾക്കായി തസ്തികകൾ വീതിച്ചു നൽകിയില്ല.
ഇതോടെ എസ്.എസ്.കെയുടെ പ്രവർത്തനം സ്തംഭിച്ചു.
സംസ്ഥാന തലത്തിൽ ഗവേണിംഗ് കൗൺസിലിലേക്ക് നിയമനം നടന്നിട്ടില്ല.
പ്രോഗ്രാം ഓഫീസർമാരായി അഞ്ചു പേരെ നിയമിക്കണം.
കോഴിക്കോടു നിന്നുള്ള വി.കെ.അബ്ദുറഹ്മാനെ മാത്രം നിയമിച്ചു.
14 ജില്ലകളിലും പ്രോഗ്രാം കോ-ഓർഡിനേറ്റർമാരെ നിയമിക്കണം.
കോഴിക്കോട് നിസാർ ചേലേരിയെ മാത്രം നിയമിച്ചു.
ജില്ലാ പ്രോഗ്രാം ഓഫീസർമാരായി ഒരാളെപ്പോലും നിയമിച്ചില്ല.
168 ബി.ആർ.സികളിലേക്ക് ബ്‌ളോക്ക് കോ-ഓർഡിനേറ്റർമാരെ നിയമിച്ചില്ല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |