
ആലപ്പുഴ: കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയശേഷം രക്ഷപ്പെടാൻ ശ്രമിച്ച ജീവനക്കാരനെ ബസ് ഡ്രൈവറും നാട്ടുകാരും ചേർന്ന് ഓട്ടിച്ച് പിടികൂടി.
കായംകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവറും അമ്പലപ്പുഴ സ്വദേശിയുമായ രഞ്ജനാണ് (53) പിടിയിലായത്. ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസ്, ഇന്നലെ രാവിലെ 7ഓടെ കരുവാറ്റ കന്നുകാലിപ്പാലത്തിനു സമീപമെത്തിയപ്പോഴായിരുന്നു സംഭവം. ആലപ്പുഴയിൽ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന യുവതിയാണ് അതിക്രമത്തിനിരയായത്. അമ്പലപ്പുഴയിൽ നിന്ന് ബസിൽ കയറിയ രഞ്ജൻ, യുവതിയുടെ സമീപം ഇരുന്നശേഷം ഉറങ്ങുന്നതിനിടെ ഉപദ്രവിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
യുവതി ബഹളംവച്ചതോടെ ഡ്രൈവർ ബസ് നിറുത്തി. ഇതോടെ രഞ്ജൻ ഇറങ്ങി ഓടുകയായിരുന്നു. ഡ്രൈവർ പിന്നാലെ ഓടിയപ്പോൾ കള്ളനെ പിടിക്കാനെന്നു കരുതി നാട്ടുകാരും ഒപ്പം കൂടി. അര കിലോമീറ്ററോളം ദൂരം പിന്തുടർന്നാണ് പിടികൂടിയത്. ബസിൽ ഹരിപ്പാടെത്തിച്ച ഇയാളെ പൊലീസിനു കൈമാറി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പീഡനശ്രമത്തിനും ലൈംഗികാതിക്രമത്തിനും കേസെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |