
തിരുവനന്തപുരം: വിവാദമായ നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശി ഗോപൻ സ്വാമിയുടെ(69) മരണകാരണം ഹൃദയാഘാതമെന്ന് കണ്ടെത്തി. കൊലപാതകമാണെന്നും ബന്ധുക്കൾ സമാധിയിരുത്തിയതാണെന്നും ആരോപണം ഉയർന്നിരുന്നു. ഹൃദയാഘാതം മൂലമുള്ള മരണമാണെന്ന് സ്ഥിരീകരിച്ച് നെയ്യാറ്റിൻകര കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകി. അന്വേഷണം അവസാനിപ്പിച്ചു. ഗോപൻ സ്വാമി എന്ന് അറിയപ്പെട്ടിരുന്ന മണിയനെ മരിച്ചശേഷമാണ് മക്കൾ സമാധിയിരുത്തിയതെന്നും പൊലീസ് വ്യക്തമാക്കി.
വീട്ടുമുറ്റത്ത് കോൺക്രീറ്റ് അറയുണ്ടാക്കിയാണ് മണിയനെ ഭാര്യയും മക്കളും ചേർന്ന് സമാധിയിരുത്തിയത്. മരണവിവരം ആരെയും അറിയിക്കാതിരുന്ന കുടുംബം, ഗോപൻ സമാധിയായെന്ന് അവകാശപ്പെടുകയായിരുന്നു. പരാതിയുണ്ടായതോടെ കോൺക്രീറ്റ് അറ പൊളിച്ച് മൃതദേഹമെടുത്ത് പോസ്റ്റുമാർട്ടം നടത്തി. ഹൈക്കോടതി ഉത്തരവനുസരിച്ചായിരുന്നു നടപടി. പോസ്റ്റുമോർട്ടത്തിനു ശേഷം വീണ്ടും അവിടെത്തന്നെ സമാധിയിരുത്തി.
ഹൈദരാബാദിലെ ലാബിൽ നിന്ന് ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം ലഭിച്ചതോടെയാണ് ദുരൂഹതകൾ നീങ്ങിയത്. ഗോപന്റെ മൂക്ക്, തല, മുഖം, നെറ്റി എന്നിവിടങ്ങളിൽ ചതവുകളുണ്ടെങ്കിലും അതൊന്നും മരണകാരണമല്ല. ഹൃദയധമനികളിൽ ബ്ലോക്കുണ്ടായിരുന്നു. കരൾ രോഗവുമുണ്ടായിരുന്നു. ഇതേത്തുടർന്നുള്ള ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. ഗോപന്റെ മൃതദേഹം സംസ്‌കരിച്ച സ്ഥലത്ത് ഇപ്പോഴും മകന്റെ നേതൃത്വത്തിൽ പൂജകൾ നടക്കുന്നുണ്ട്.
കല്ലറയ്ക്കുള്ളിലെ ഭസ്മം
2025 ജനുവരി 11ന് വീടിനടുത്തുള്ള സ്ഥലങ്ങളിൽ ഗോപൻസ്വാമി മരിച്ചതായി അറിയിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതോടെയാണ് വിവാദങ്ങളുടെ തുടക്കം. കിടപ്പുരോഗിയായിരുന്ന മണിയൻ നടന്ന് കല്ലറയിലേക്കെത്തി സമാധിയായെന്നായിരുന്നു ആദ്യം കുടുംബാംഗങ്ങൾ പറഞ്ഞിരുന്നത്. നാട്ടുകാർ പരാതിപ്പെട്ടതോടെ വിഷയം വിവാദമായി. കല്ലറയ്ക്കുള്ളിൽ നിറയെ ഭസ്മം നിറച്ചിരുന്നു. ഈ ഭസ്മം ശ്വസകോശത്തിലേക്ക് പോയിട്ടില്ലെന്നും ആന്തരികാവയവങ്ങളുടെ പരിശോധനയിൽ കണ്ടെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |