
വിഴിഞ്ഞം: കോവളത്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് സ്പാ ശൃംഖലയിലെ മുഖ്യകണ്ണി. അന്യസംസ്ഥാനത്തു നിന്ന് സ്ത്രീകളെ കേരളത്തിലെ സ്പാകളിലെത്തിക്കുന്നതിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന.
കഴിഞ്ഞ ദിവസമാണ് പൂവാർ കഞ്ചാംപഴിഞ്ഞി മകം വീട്ടിൽ അനുരൂപ് (47) അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. തിരുവനന്തപുരം കോർപ്പറേഷന്റെ ഉള്ളൂർ സോണൽ ഓഫീസിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറാണ്. ഇയാളെ കോർപ്പറേഷൻ സസ്‌പെൻഡ് ചെയ്തു.
ഹെൽത്ത് ഇൻസ്‌പെക്ടറുടെ ബന്ധങ്ങളുപയോഗിച്ചാണ് ഇയാൾ സ്പാ ബിസിനസിലേക്ക് തിരിഞ്ഞതെന്നാണ് വിവരം. അനുരൂപിന്റെ ബിനാമിയായ പൂവാർ സ്വദേശി നിഷാന്തിന്റെ ഡ്രീംസ് സ്‌പായിലായിരുന്നു പീഡനത്തിനിരയായ പതിനാറുകാരി ജോലിചെയ്തിരുന്നത്. സ്പായിലെ ക്യൂ.ആർ കോഡുകളിലൂടെ അയയ്ക്കുന്ന പണം അനുരൂപിന്റെ അക്കൗണ്ടിലേക്കാണ് വന്നിരുന്നത്. ദിവസം 25,000 രൂപ വരെ അക്കൗണ്ടിലെത്തിയിരുന്നു. പൊലീസ് രണ്ടുദിവസം നടത്തിയ അന്വേഷണത്തിലാണ് അനുരൂപിനെ അറസ്റ്റ് ചെയ്തത്. അനുരൂപിന്റെ നാല് അക്കൗണ്ടുകളിൽ ലക്ഷക്കണക്കിന് രൂപയുടെ അസ്വഭാവിക ഇടപാടുകൾ കണ്ടെത്തി.
സ്പാ തുടങ്ങിയത് മൂന്നുമാസം മുൻപാണെന്ന അനുരൂപിന്റെ മൊഴി വിശ്വസനീയമല്ലെന്നാണ് പൊലീസിന്റെ നിഗമനം.
കൈക്കൂലി ആരോപണം പതിവ്
കോർപ്പറേഷനിൽ വിഴിഞ്ഞത്ത് ഹെൽത്ത് ഇൻസ്‌പെക്ടറായിരുന്നപ്പോൾ അനുരൂപിനെതിരെ കൈക്കൂലി ആരോപണം ഉയർന്നിരുന്നു. തുടർന്ന് തിരുമല, തിരുവല്ലം എന്നിവിടങ്ങളിലേക്ക് സ്ഥലംമാറ്റി. ഉള്ളൂർ സോണൽ ഓഫീസിലെത്തിയ ശേഷമാണ് സ്പാ നടത്തിപ്പിൽ പങ്കാളിയായത്. പല സ്പാകളുമായും അനുരൂപിന് അടുത്ത ബന്ധമുണ്ട്. ഈ സ്പാകളിൽ പങ്കാളിയാണോ എന്നും അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.
മറ്റൊരു യുവതിയും സംശയത്തിൽ
സംഭവത്തിൽ മറ്റൊരു യുവതിയെയും സംശയിക്കുന്നുണ്ട്. അനുരൂപുമായി അടുത്ത ബന്ധമുള്ള യുവതി പീഡനത്തിനിരയായ പതിനാറുകാരിയെ ബന്ധപ്പെട്ടതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ യുവതിക്കുള്ള പങ്ക് തെളിഞ്ഞാൽ അറസ്റ്റുചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |