
തിരുവനന്തപുരം: അഴിമതിക്കാരെ പൂട്ടാൻ വിജിലൻസിന് ഇനി സി.ബി.ഐയടക്കം കേന്ദ്ര ഏജൻസികൾ പരിശീലനം നൽകും. ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെയുള്ള അഴിമതി ശാസ്ത്രീയമായി അന്വേഷിക്കുക, ടെൻഡറുകളിലെയും കരാറുകളിലെയും ക്രമക്കേടുകൾ കണ്ടെത്തുക, ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് അഴിമതി പിടി കൂടുക എന്നിവയിലാവും പരിശീലനം. ഇതിനായി,വിജിലൻസ് ഉദ്യോഗസ്ഥരെ സി.ബി.ഐ അക്കാഡമിയിലയയ്ക്കും.
ചാർട്ടേഡ് അക്കൗണ്ടന്റ്, ബാങ്കിംഗ് വിദഗ്ദ്ധർ, സ്വകാര്യ സാങ്കേതിക വിദഗ്ദ്ധർ എന്നിവരുടെ സേവനവും വിജിലൻസ് അന്വേഷണത്തിന് ഉപയോഗിക്കാം. ഇതടക്കം വ്യവസ്ഥകളുള്ള പരിഷ്കരിച്ച വിജിലൻസ് മാന്വൽ ഇന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പുറത്തിറക്കും. 1969മുതൽ പ്രാബല്യത്തിലുള്ള മാന്വലാണ് പുതുക്കുന്നത്.അന്വേഷണങ്ങൾക്ക് സമയ പരിധിയുമുണ്ടാവും. ഗൂഗിൾ-പേയടക്കം ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെയാണ് കൈക്കൂലിയിടപാടുകളേറെയും. ബാങ്കിടപാടുകളിൽ നിന്ന് കൈക്കൂലിക്ക് തെളിവ് കണ്ടെത്തിയാലും വിജിലൻസ് മാന്വലിൽ വ്യവസ്ഥയില്ലാത്തതിനാൽ കോടതികൾ അംഗീകരിച്ചിരുന്നില്ല.ഉദ്യോഗസ്ഥർക്ക് പരമാവധി മൂന്നു വർഷമേ വിജിലൻസിൽ തുടരാനാവൂ. പൊലീസിൽ നിന്ന് വിജിലൻസിലെത്താൻ യോഗ്യതാ പരീക്ഷ പാസാവണം. അന്വേഷണത്തിനും അഴിമതിക്കാരെ കുടുക്കാനും ചെലവാകുന്ന തുക ഉദ്യോഗസ്ഥർക്ക് വേഗത്തിൽ തിരിച്ചു നൽകും. റെയ്ഡിന് പോവുമ്പോൾ വിജിലൻസ് എന്നെഴുതിയ ജാക്കറ്റ് ധരിക്കാം.
ഡിജിറ്റൽ ഉപകരണങ്ങൾ
പ്രാഥമിക തെളിവാകും
കൈക്കൂലിയിടപാടുള്ള ഫോണുകൾ പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കാം. ഒളി ക്യാമറ ദൃശ്യങ്ങളും തെളിവുകളാക്കാം.
സ്മാർട്ട് ഫോൺ, ലാപ്ടോപ്പ്, വോയ്‌സ് റെക്കോർഡർ എന്നിവ പ്രാഥമിക തെളിവായി മാറും. ഉപകരണമില്ലെങ്കിൽ സാക്ഷ്യപത്രം നൽകണം.
അഴിമതിക്ക് സാക്ഷികൾക്ക് പകരം ശക്തമായ സാഹചര്യത്തെളിവുകളുണ്ടെങ്കിലും കുറ്റപത്രം നൽകാം.
പ്രോസിക്യൂഷൻ അനുമതി
120 ദിവസത്തിനകം
പ്രോസിക്യൂഷൻ അനുമതിക്ക് അപേക്ഷിച്ചാൽ 120 ദിവസത്തിനകം സർക്കാർ തീരുമാനമെടുത്തില്ലെങ്കിൽ അത് ലഭിച്ചതായി കണക്കാക്കാമെന്ന ബി.എൻ.എസ്.എസ് വ്യവസ്ഥയും മാന്വലിലുണ്ട്. അഴിമതിക്കാരായ പൊതുസേവകർക്കെതിരേ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ കേസെടുക്കാം. പൊതുസേവകർ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിന്റെ ഭാഗമായി നൽകിയ ശുപാർശകളിലോ ,എടുത്ത തീരുമാനങ്ങളിലോ അന്വേഷണത്തിന് മാത്രം സർക്കാർ അനുമതി മതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |