
തിരുവനന്തപുരം: തലസ്ഥാനത്തെ ആഘോഷ ലഹരിയിലാക്കിയ ഓണം വാരാഘോഷത്തിന് കൊടിയിറങ്ങി. ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. ലോക്ഭവന് മുന്നിലെ പന്തലിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉപരാഷ്ട്രപതിക്ക് കൊടി കൈമാറി. ഫ്ളാഗ് ഓഫിന് പിന്നാലെ വാദ്യമേളങ്ങളുയർന്നു. മഹാബലി ഘോഷയാത്രയുടെ ആദ്യ ചുവടുവെച്ചു, പിന്നാലെ വർണ്ണക്കുടകളും ഗുരുഡൻപറവയും മുത്തപ്പൻതെയ്യവും കലാരൂപങ്ങളും അണിനിരന്നു.
ആറന്മുളയിൽ നിന്ന് ഹെലികോപ്ടറിലെത്തിയ ഉപരാഷ്ട്രപതിയെ മുഖ്യമന്ത്രിയും മന്ത്രി റോജി എം.ജോണും ചേർന്ന് സ്വീകരിച്ചു. കേരളീയ ശൈലിയിൽ കസവുമുണ്ടും ഓറഞ്ച് നിറമുള്ള കുർത്തയും അണിഞ്ഞാണ് ഉപരാഷ്ട്രപതി എത്തിയത്. ഗവർണർ രാജേന്ദ്ര ആർലേക്കറും ഉപരാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നു. വേദിയിൽ വന്ദേമാതരത്തിനും ദേശീയഗാനത്തിനും ശേഷം സംസ്ഥാനത്തിന്റെ ഉപഹാരം മുഖ്യമന്ത്രി ഉപരാഷ്ട്രപതിക്ക് സമ്മാനിച്ചു. ഒരു മണിക്കൂറോളം ഉപരാഷ്ട്രപതി ഘോഷയാത്ര വീക്ഷിച്ചു. മന്ത്രിമാരായ കെ.മുരളീധരൻ, പി.സി.വിഷ്ണുനാഥ്, സി.പി.ജോൺ, ബിന്ദുകൃഷ്ണ, കെ.എ തുളസി, റോജി എം ജോൺ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മേയർ വി.വി.രാജേഷ്, എം.വിൻസെന്റ് എം.എൽ.എ, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, പൊതുഭരണവകുപ്പ് സെക്രട്ടറി കെ.ബിജു, കളക്ടർ അനുകുമാരി തുടങ്ങിയവർ സന്നിഹിതരായി. വെള്ളയമ്പലം, മ്യൂസിയം, പാളയം, സ്റ്റാച്യു വഴി കിഴക്കേക്കോട്ടയിൽ സമാപിച്ചു. ഐ.എസ്.ആർ.ഒ.യുടെയും സർക്കാർ വകുപ്പുകളുടെയും 69ഓളം നിശ്ചലദൃശ്യങ്ങൾ, അന്യസംസ്ഥാന കലാരൂപങ്ങൾ, ട്രാൻസ്‌ജെൻഡർ കലാകാരന്മാരുടെ പ്രകടനം ഉൾപ്പെടെ 99 കലാരൂപങ്ങളുണ്ടായിരുന്നു. തമിഴ്നാട്, ജമ്മുകശ്മീർ, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, പശ്ചിമബംഗാൾ, തെലങ്കാന സംസ്ഥാനങ്ങളിലെ കലാസംഘങ്ങളുമുണ്ടായിരുന്നു.
പബ്ലിക് ലൈബ്രറിക്ക് സമീപത്തെ വി.വി.ഐ.പി പവലിയനിൽ മന്ത്രിമാരായ ടി. സിദ്ദിഖ്, ചാണ്ടി ഉമ്മൻ എം.എൽ.എ, നടൻ ആസിഫ്അലി തുടങ്ങിയവരുണ്ടായിരുന്നു.
ഓണം വാരാഘോഷത്തോട് അനുബന്ധിച്ചുള്ള കലാപരിപാടികൾക്ക് സമാപനം കുറിച്ച് വൈകിട്ട് ആറിന് സെൻട്രൽ സ്റ്റേഡിയത്തിൽ കേരളകൗമുദിയും കൗമുദി ടി.വിയും ചേർന്നൊരുക്കിയ ഓണം എക്സ്ട്രീം പരിപാടിയും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |